Saturday, July 19, 2014

തിരുവളയന്നൂര്‍

വല എന്നതിനു
മുല എന്നു
തെറ്റിയെഴുതിയതിനു
ബാബുവിനെ
സ്കൂളില്‍നിന്നും
പുറത്താക്കിയ
അയ്യപ്പന്‍മാഷ് പിന്നീട്
കുട്ടികളുടെ ഉച്ച
ഭക്ഷണത്തിന്‍റെ
ഫണ്ടില്‍ തിരുമാറിനടത്തി
വിയ്യൂര്‍ സെന്‍റര്‍
ജയിലിലായി.

ബാബു,അവനിപ്പോള്‍
മണ്ണുത്തി വെറ്റിനറി
കോളേജില്‍
പുതിയ ഒരിനം
കറവയന്ത്രം
വികസിപ്പിച്ചെടുക്കുന്നതിന്‍റെ
തിരക്കിലാണ്,
ഡോക്ടര്‍ ബാബു.

ചാത്തന്‍റെ കയ്യില്‍നിന്നും
ഇന്ത്യയുടെ മേപ്പ്
മോഷ്ടിച്ച
ലില്ലിക്കുട്ടി പിന്നീടു
ഇന്ത്യയുടെ
പ്രധാനമന്ത്രി വരെ
ആകും എന്നമട്ടായി  

ചാത്തന്‍,ഇന്നും
ശിവന്‍റെ
അമ്പലകുളത്തില്‍,
പൊന്തക്കാടുകള്‍ക്കിടയിലിരുന്ന്‍
വമ്പന്‍ ബിരാലുകളെ
ഊതിപ്പിടിക്കുന്നു.

അക്കാലത്ത് കോയക്കാന്‍റെ
മതിലില്‍ അരിവാള്‍ചുറ്റികനക്ഷത്രം
വരച്ചിരുന്ന ആട്സുനീര്‍
കൊക്കകോളയുടെ
മിഡില്‍ഈസ്റ്റ്
പരസ്യവിഭാഗം
തലവനായി.

കോയക്കാന്‍റെ മതിലിപ്പോള്‍
ഏറെക്കുറെ പൊളിഞ്ഞു
കിടക്കുന്നു,എങ്കിലും
പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്,
ബാക്കവിമാരുടെ വയളുകള്‍,
ഇസ്വലാഹി പ്രഭാഷണങ്ങള്‍,
അടിമക്ക് അല്ലാഹു പോരെ,
ശശികലട്ടീച്ചറുടെ പൊതുയോഗങ്ങള്‍,
ഹല്ലേ ലൂലൂ യാ...
ഹല്ലേ ലൂലൂ യാ...

ലൂലൂ...ലൂലൂ...ലൂലൂ...

No comments:

Post a Comment