Monday, August 25, 2014

വെള്ളിക്കെട്ടന്‍

ഞെണ്ടുകള്‍ കൊമ്പന്‍ തേളുകള്‍
പലയിനം വിഷവണ്ടുകളെ 
ചിത്രണംചെയ്ത 
പകലിന്‍ കിടക്കവിരി 
മാറ്റിനീ പകരം 
കരിമ്പിന്‍ മണമുള്ള 
കടുംനീല നിറത്തില്‍ 
നിറയെ പൂക്കളുള്ള
ചാര നിറമാര്‍ന്ന കുരുവികളുള്ള
മഞ്ഞ നിറത്തിലൊന്ന്‍ വിരിക്കണം

“ദൈവം കരുണാമയനാണ്,
ഇന്ത്യ എന്‍റെ രാജ്യമാകുന്നു,
ആത്മാവ് അനശ്വരമാണ്,
ഗാസ നിരീശ്വരവാദികളായ
കുട്ടികളുടെ നാടാണ്”
എന്നിങ്ങനെ അശ്ലീലങ്ങളായ
ചിന്തയില്‍ നിന്നും എന്‍റെ
ലൈങ്കികത സമരോത്സുകമാകുമ്പോള്‍
നീ അനങ്ങാതെ കിടന്നോണം
ശൂലങ്ങളെ ഗര്‍ഭം ധരിച്ചുനീ
നാളെയുടെ സംഘപരിവാറുകാര്‍ക്ക്
ജന്മം നല്കാനുല്ലതാണ്
രാമരാജ്യം നീയടങ്ങുന്ന
സ്ത്രീകള്ക്കു വേണ്ടിയാണ്

എന്‍റെ ബെഡ് കോഫിയില്‍
മധുരം ഒട്ടുമില്ലടീ
നീ ഇപ്പോഴും ആ തടിച്ച
പുസ്തകം വായിച്ചോണ്ടിരിക്കുവാ
എന്തൊരു ഈമാനാ നിന്‍റെ മുഖത്ത്!
ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍
പാമ്പുകളെ നിത്യമായി
തീറ്റകൊടുത്തുവളര്ത്തുന്ന
പാപത്തിന്‍റെ പുസ്തകത്തിനു
വേദപുസ്തകം എന്ന
പേരിട്ടതും ഞങ്ങളാ
വായിച്ചോണ്ടിരുന്നോ
നിന്‍റെ കറുത്ത പര്‍ദ്ദ
കത്തിയുരുകുന്നത് കാണാനും
ഒരു ഹരമൊക്കെയുണ്ട്.
മൂപ്പരു മഹാന്‍ തന്നെ.

Monday, August 11, 2014

മൊബിഡിക്ക്: കടല്‍ യാത്രയുടെ വേദപുസ്തകം



അവിടുന്ന് എന്നെ ആഴത്തിലേക്ക് ,സമുദ്രമധ്യത്തിലേക്ക് വലിച്ചെറിഞ്ഞു.
പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍
എന്‍റെ മുകളിലൂടെ കടന്നുപോയി

3:2 യോനാ-പഴയ നിയമം, ബൈബിള്‍


മനുഷ്യജീവിതത്തെ യാത്രകളോടുപമിച്ചുകൊണ്ട് നിരവധി ആഖ്യായികകള്‍ ലോകത്തിന്‍റെ വിവിധ ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്. അന്വേഷണങ്ങളുടെ ഭൌതികവും ആത്മിയവുമായ പരിസരങ്ങളെ യാത്രകള്‍ മാറ്റിമറിക്കുന്നു. പൌരാണിക കാലത്തെ സഞ്ചാരികളാല്‍ നിബിഡമായ പട്ടുപാതയും(Silk Route) മധ്യകാലത്തില്‍നിന്നിങ്ങോട്ടു സജീവമായ കടല്‍ യാത്രകളും പിന്നിട്ടു സ്ഥലകാലങ്ങളുടെ അനിശ്ചിതത്വങ്ങള്‍ നടമാടുന്ന പ്രപഞ്ച നിഗൂഢതകളിലേക്കും ഇന്ന് മനുഷ്യന്‍റെ യാത്രകള്‍ പരിണമിച്ചിട്ടുണ്ട്.

യാത്രയുടെ അനിവാര്യമായ ഒരു മാനസികഘട്ടത്തില്‍  തിമിംഗല വേട്ടക്കപ്പലില്‍ കടല്‍ യാത്രക്ക് പോകുന്ന  ഇസ്മായില്‍ എന്നയാളുടെ ഐതിഹാസികമായ കഥപറയുന്ന നോവലാണ് ഹെര്‍മന്‍ മെല്‍വില്ലിന്‍റെ മോബിഡിക്ക് (1851). കയ്യില്‍ നാല് കാശോ,കരയില്‍ തനിക്കു താല്പര്യമുള്ള ഒന്നുമില്ലാത്ത കാലത്താണ് ഇസ്മായില്‍ അത് തീരുമാനിക്കുന്നത് “അകത്ത് കുമിയുന്ന വിഷാദത്തെ ആട്ടിപ്പായിക്കുവാനും രക്തചംക്രമണം ക്രമപ്പെടുത്തുന്നതിനും” അയാള്‍തന്നെ കണ്ടെത്തിയ ഒരു മാര്‍ഗമായിരുന്നു അത്! കടല്‍യാത്രയുടേയും തിമിംഗലവേട്ടയുടെയും പശ്ചാത്തലത്തില്‍ വളരെ സങ്കീര്‍ണ്ണമായ മനുഷ്യ ജീവിതാനുഭവങ്ങളുടെ അപൂര്‍വ ഭൂമികയിലേക്കാണ് മേല്‍വില്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. കടല്‍പോലെ ആഴമറ്റതും ചിന്തയുടെ വിത്യസ്തങ്ങളായ നീര്ചുഴികളെ വഹിക്കുന്നതുമാണ് മോബിഡിക്കിന്‍റെ പ്രമേയം. മേല്‍വില്‍ ജീവിച്ചിരിക്കുമ്പോള്‍ മോബിഡിക്കിന്‍റെ മൂവായിരം പ്രതികള്‍ മാത്രമാണ് വിറ്റഴിഞ്ഞത്, എന്നാല്‍ മരണാനന്തരം ലോകത്തിലെ ഉന്നതമായ ഗ്രന്ഥങ്ങളുടെ നിരയിലേക്ക് അത് ഉയര്‍ന്നുവന്നു. ജലോപരിതലത്തിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന ശക്തനായ ഒരു തിമിംഗലത്തെപ്പോലെ!ഹെമ്മിംഗ് വേ യുടെ കിഴവനും കടലും ഹെന്‍റി ഷാരിയറുടെ പാപ്പിയോണും കടലിന്‍റെ സ്നേഹരോഷങ്ങളാല്‍ സമ്പുഷ്ടമെങ്കിലും കടലും മനുഷ്യനും അല്ലെങ്കില്‍ ജലവും ജീവനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ തീവ്രസാനിധ്യം മോബിഡിക്കിലോളം മറ്റെങ്ങും കാണുക പ്രയാസമാണ്. ‘കടലിനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും നല്ല പുസ്തകം’ എന്നാണ് ഡി. എച്ച്. ലോറന്‍സ് മോബിഡിക്കിനെക്കുറിച്ച് പറഞ്ഞത്.


                   ഹെര്‍മന്‍ മേല്‍വില്‍

അമേരിക്കന്‍ ഐക്യനാടുകളില്‍ തിമിംഗലവേട്ടക്കു പേരുകേട്ട നാന്ടുക്കെറ്റില്‍ നിന്നും പുറപ്പെടുന്ന പെക്വഡ് എന്ന എന്ന തിമിംഗലവേട്ടക്കപ്പലില്‍ ഇസ്മായില്‍ ജോലിക്കാരനായി പോകാന്‍ തീരുമാനിക്കുന്നു. തിമിംഗലവേട്ടയില്‍ അയാളുടെ കന്നിയാത്ര. ആഹെബ് എന്നു പേരുള്ള ശക്തനായ  നാവികനാണ് കപ്പലിനെ നയിക്കുന്നത് കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെപ്പോലെ എന്തോ ഒന്ന്‍ അയാളുടെ കണ്ണുകളില്‍ തിളങ്ങി. ഇച്ഛയുടെ ഉയര്‍ത്തിക്കെട്ടിയ കൊടി തന്നെയായിരുന്നു ആഹേബന്‍റെ മുഖം. മൊബിഡിക്ക് അഥവാ വെള്ളതിമിംഗലം എന്ന ഭീമാകാരനായ  സത്വത്തെ ലക്ഷ്യം വെച്ചാണ് അയാള്‍ നീങ്ങുന്നത്. പെക്വഡിന്‍റെ ഒരു പൂര്‍വയാത്രയില്‍ അവര്‍ അവനുമായി ഏറ്റുമുട്ടുകയുണ്ടായി. ഭയങ്കരമായ പോരാട്ടത്തിനൊടുവില്‍ ആഹേബിന്‍റെ ഒരു കാല്‍ അവന്‍ കൊണ്ടുപോയി. തിമിംഗലത്തിന്‍റെ എല്ലുകൊണ്ടുണ്ടാക്കിയ ഒരു വെപ്പുകാല്‍ ആണ് ഇപ്പോള്‍ അയാള്‍ക്കുള്ളത്. കടലായ കടലുകള്‍ വെള്ളതിമിംഗലത്തെയും തേടി ആഹെബിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന യാത്രകള്‍ക്കിടയിലാണ് തത്വചിന്താപരമായ ഗഹനതയോടെ വിവിധ വിഷയങ്ങള്‍ മെല്‍വില്‍ ചര്‍ച്ച ചെയ്യുന്നത്. ഇസ്മേല്‍, ആഹെബ്, ബില്‍ദാദ്,ഇല്‍ജ എന്നിങ്ങനെ ബൈബിളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മെല്‍വില്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നത് യാദ്രിഛികമല്ല. മനുഷ്യന്‍റെ ഹിംസയുടെയും അധിനിവേശത്തിന്‍റെയും ഒടുങ്ങാത്ത പകയുടെയും പ്രതീകമായി ആഹേബും മനുഷ്യവര്‍ഗ്ഗത്തില്‍നിന്നും കുടിയിറക്കപ്പെട്ടവന്‍റെ പ്രതിനിധിയായി ഇസ്മായീലും ജീവിതമെന്ന കടല്‍ യാത്രയില്‍ അനാവൃതമാകുന്നു. എന്നാല്‍ അവരുടെ യാത്ര ലക്ഷ്യം കാണുന്നില്ല. ആ മഹാസത്വവുമായുള്ള ഏറ്റുമുട്ടലില്‍ പെക്വാഡ്  പൂര്‍ണമായും തകരുന്നു.തകര്‍ന്ന കപ്പലില്‍നിന്നും കടലിലേക്കൊഴുകിയ ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ഒരു ലൈഫ് ബോട്ടില്‍ രണ്ട് ദിവസത്തോളം ഇസ്മേല്‍ കടലില്‍ കഴിച്ചുകൂട്ടി. രണ്ടാംദിവസം ഒരു കപ്പല്‍ അടുത്തുവന്നു. “തന്‍റെ കാണാതായ കുഞിനെ തേടി അലഞ്ഞുതിരിഞ്ഞ റേച്ചല്‍ എന്ന കപ്പലായിരുന്നു അത്. കണ്ടെത്തിയത് മറ്റൊരു അനാഥനെയും”  നോവലിലെ അവസാന വാചകമാണ് മുകളില്‍ ഉദ്ധരിച്ചത്. അതെ, ഇതെല്ലാം നമ്മോടും വരുംകാലത്തോടും പറയാന്‍ ഇസ്മേല്‍ മാത്രം ആ കപ്പല്‍ഛെദത്തെ അതിജീവിക്കുകയുണ്ടായി.

19 ആം നൂറ്റാണ്ടില്‍ തിമിംഗലവേട്ട അമേരിക്കയിലെ ഒരു പ്രധാന വ്യാപാരം ആയിരുന്നു. 1846 ല്‍ മാത്രം 722 തിമിംഗലവേട്ട കപ്പലുകള്‍ അമേരിക്കയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തിമിംഗലത്തിന്‍റെ കൊഴുപ്പു ശേഖരണമായിരുന്നു പ്രധാന ലക്ഷ്യം.മെഴുകുതിരികളില്‍ അക്കാലത്ത് ഈ കൊഴുപ്പ് വ്യാപകായി ഉപയോഗിച്ചിരുന്നു. മനുഷ്യഹിംസയുടെ കൊടുംക്രൂരതകളാല്‍ ശേഖരിച്ച ഈ കൊഴുപ്പുകൊണ്ടുണ്ടാക്കിയ മെഴുകുതിരികള്‍ ദേവാലയങ്ങളുടെ അള്‍ത്താരകളിലും പ്രസംഗപീഠങ്ങളിലും കത്തിച്ചുവെച്ച് അതിന്‍റെ വെളിച്ചത്തില്‍ അഹിംസ വിളംബുന്നതിലെ വൈപരീത്യം മെല്‍വില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. “എങ്കിലും അവന്‍ മരിക്കണം കൊല്ലപ്പെടണം. ആനന്ദഭരിതമായ വിവാഹവേളകളേയും മനുഷ്യരുടെ മറ്റ് ഉത്സവങ്ങളേയും പ്രകാശപൂരിതമാക്കുന്നതിനും ആരും ആരെയും ഹിംസിക്കരുതെന്നു പ്രസംഗിക്കുന്ന ശാന്തഗംഭീരങ്ങളായ പള്ളികളില്‍ വെളിച്ചം നിറയ്ക്കുന്നതിനും” അഹിംസയുടെ വേദപുസ്തകവും ഒരുവേള അതിന്‍റെ പ്രവാചകര്‍തന്നെയും ഹിംസയുടെ കവചിത വാഹനങ്ങളാല്‍ ചുറ്റപ്പെട്ടതിനു മനുഷ്യവര്‍ഗം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ വിലാപയാത്ര ഉയര്‍ത്തിപ്പിടിച്ച തോക്കുകളുടെ അകമ്പടിയോടെയാണ് ചരിത്രത്തിലൂടെ കടന്നുപോയതെന്ന്‍ ആല്‍ഡസ് ഹെക്സ്ലി . ന്യൂ ബെഡ്ഫോര്‍ഡ് നഗരത്തില്‍ കടലിന്നഭിമുഖമായി ഒരു പള്ളിയും അതില്‍ കപ്പലിന്‍റെ ആകൃതിയിലുള്ള ഒരു പ്രസംഗപീഠവുമുണ്ട്. ലോകമെന്നത് യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരു കപ്പലാണെന്നും പ്രസംഗപീഠമാണ് അതിന്‍റെ അണിയമെന്നും ഇസ്മേല്‍ ഒരിടത്ത് പറയുന്നു. കടല്‍ക്ഷോഭങ്ങളുടെ വന്‍തിരമാലകളില്‍ കുടുങ്ങിയ നാവികനില്ലാത്ത ഒരു കപ്പല്‍ പോലെയാണ് ഭൂമിയിലെ മനുഷ്യജീവിതം. അതിന്‍റെ പ്രസംഗപീഠത്തിലാകട്ടേ കുറുനരികളും,കടല്‍പന്നികളും, കാട്ടുകഴുതകളും മേയുന്നു.




നാഗരികതകളും മതങ്ങളും, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങള്‍, മനുഷ്യരെ പരിഷ്കൃതചിത്തരും വിവേകികളും ആക്കും എന്നു പറയുന്നതിലെ കഴംബില്ലായ്മയിലേക്ക് വിരല്‍ചൂണ്ടുന്ന നിരവധി നിരീക്ഷണങ്ങള്‍ മൊബിഡിക്കിലുണ്ട്. കടല്‍യാത്രക്ക് തയ്യറാവുന്നതിനിടയില്‍ ന്യൂ ബെഡ്ഫോര്‍ഡ് നഗരത്തിലെ സ്പൌട്ടര്‍ സത്രത്തില്‍വെച്ച് ‘പ്രാകൃതനും’ വിഗ്രഹാരാധകനുമായ കീക്ക്വഗ് എന്ന ഒരു പോളിനേഷ്യക്കരനുമായി ഇസ്മേല്‍ അടുക്കുന്നു. നീതിമാന്‍റെ വാക്കുകള്‍ പോലെ കണിശതയും കൃത്യതയും ഉള്ള ഉന്നം പിഴയ്ക്കാത്ത ഒരു ചട്ടുളിക്കാരന്‍ ആയിരുന്നു അവന്‍. തുടക്കത്തില്‍ അരോചകമായി അനുഭവപ്പെട്ട ഈ ബന്ധം പിന്നീട് കരുത്തര്‍ജിക്കുകയും പെക്വഡിലെ യാത്രയില്‍ കീക്ക്വഗ് ഇസ്മായിലിന്‍റെ ഒപ്പംചേരുകയുമുണ്ടായി. മതവിശ്വാസിയും 'പരിഷ്കൃതരു'മൊക്കെയായ ഏതൊരു മനുഷ്യനെക്കാളും മാനസിക ഔനിത്യമുള്ള ഒരാളായിട്ടാണ് കീക്ക്വഗിനെ മെല്‍വില്‍ വരച്ചുകാട്ടുന്നത്. താനൊരു നല്ല ക്രിസ്ത്യാനിയായിരുന്നു എന്നും പ്രോസ്ബേറിയന്‍ സഭയിലാണ് ജനിച്ചുവളര്‍ന്നതെന്നും ഇസ്മായില്‍ പറയുന്നു. കീക്ക്വഗാകട്ടെ കറുത്ത ഒരു മരക്കഷണത്തെ ആരാധിക്കുന്നവനും “പക്ഷെ ഞാന്‍ വിചാരിച്ചു, എന്താണ് ആരാധന? ഇപ്പോള്‍ ഇസ്മായില്‍ നീ വിചാരിക്കുന്നുണ്ടോ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും,അതില്‍ വിശ്വാസികളും പെടും, അധിപനും ഉദാരമതിയുമായ ദൈവം നിസ്സാരമായ ഒരു കറുത്ത മരക്കഷ്ണത്തെക്കുറിച്ച് അസൂയാലുവാകുമെന്ന്.അസാധ്യം,പക്ഷെ, എന്താണ് ആരാധന, ദൈവഹിതം അനുഷ്ട്ടിക്കുക എന്നതല്ലേ? എന്നാല്‍ എന്താണ് ദൈവഹിതം, എന്‍റെ അയല്‍ക്കാരന്‍ എന്നോട് എന്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ അത് തന്നെ അവനോടും ചെയ്യുക”. ഹിംസാത്മകവും രക്തരൂക്ഷിതവുമായ മനുഷ്യ ചരിത്രത്തില്‍ മറവിയുടെ കാണാക്കയങ്ങളിലേക്ക് ആണ്ടുപോയ സ്നേഹത്തിന്‍റെ സുവര്‍ണ്ണവാക്യങ്ങളെ ചികഞെടുക്കുകയാണ് മെല്‍വില്‍. നിരുപദ്രവകാരിയായ മൊബിഡിക്കിനുപിന്നാലെ അലഞ്ഞുതിരിയാന്‍ ആഹേബിനെ പ്രേരിപ്പിക്കുന്ന ചോദനകളെന്തെന്നു മെല്‍വിലും നമ്മോടു തുറന്നുപറയുന്നില്ല. പക്ഷെ അപ്രാപ്യമായതിനെ പ്രാപിക്കുവാനും ജീവിത രഹസ്യങ്ങളുടെ ഉള്ളറകളിലെക്ക് കടന്നു കയറാനുമുള്ള മനുഷ്യന്‍റെ ഇച്ഛയുടെ ഉണര്‍ന്നിരിക്കുന്ന സാനിധ്യം ഈ നാവികനില്‍ ഉണ്ട്. ഹിംസ ഒരു പരാചയപ്പെടേണ്ട തിന്മ ആയതിനാലാവണം ആഹേബിന്‍റെ കപ്പല്‍ തകര്‍ന്നടിയണമെന്ന്‍ മെല്‍വില്‍ കരുതിയത്. ഹെമ്മിംഗ് വേയുടെ കിഴവന്‍ സാന്തിയാഗോ മെര്‍ലിന്‍ മത്സ്യത്തെ കീഴടക്കുന്നുണ്ടെങ്കിലും, ഒഴിഞ്ഞ അസ്ഥികൂടവുമായാണല്ലോ കരക്കുവരുന്നത്. വെളുത്ത ഭീമന്‍ അസ്ഥികൂടം കരക്കടുക്കുമ്പോള്‍ ഹിംസയുടെ വെളുത്ത ഫോസിലായി മനുഷ്യസ്മരണയെ അത് വേട്ടയാടുന്നു. ഹെമ്മിംഗ് വേയുടെ ജീവിതത്തില്‍ മൊബിഡിക്കിന്‍റെ നിഴല്‍ കാണാം.
            ഹെമ്മിംഗ് വേ മെര്‍ലിന്‍ മത്സ്യവുമായി 

മൊബിഡിക്ക് വെളുത്ത നിറമുള്ള തിമിംഗലമാണല്ലോ. കടല്‍യാത്രക്കിടയില്‍ മറ്റുപല തിമിംഗലങ്ങളെയും അവര്‍ കണ്ടു മുട്ടുന്നുണ്ട്, എന്നാല്‍ ആഹേബ് ഈ ഭീകരസത്വത്തിനു പിറകെ പോകാനാണ് ആജ്ഞ കൊടുക്കുന്നത്. വെളുപ്പിനെ, ഭീകരതയുടെ പ്രത്യക്ഷവര്‍ണ്ണമായി മെല്‍വില്‍ നിരീക്ഷിക്കുന്നുണ്ട്. തിമിംഗലത്തിന്‍റെ വെളുപ്പ് എന്ന മുപ്പത്തിരണ്ടാം അദ്ധ്യായം അതിന്‍റെ സാക്ഷ്യമാണ്. “വെളുപ്പിനു കുലീനതയുടെ ഒരു ഭാവം ഉണ്ടെങ്കിലും അടങ്ങിയിട്ടുണ്ടത്രേ. ലോകത്തിലെ എല്ലാ പ്രേതങ്ങളും പാലുപോലുള്ള വെളുത്ത മൂടല്‍മഞ്ഞില്‍ നിന്നാണ് ഉയര്‍ന്നു വരുന്നത്. അതുകൊണ്ട് മനുഷ്യന്‍റെ ഭാവങ്ങളില്‍ ഗംഭീരമോ ആയ മറ്റേതിനെ വേണമെങ്കിലും ഈ വെളുപ്പ് നിറം കൊണ്ട് പ്രതിനിധീകരിച്ചുകൊള്ളട്ടെ അതിന്‍റെ ഏറ്റവും അഗാതവും അദൃശ്യവല്‍കൃതവുമായ അര്‍ത്ഥത്തില്‍ അതൊരു പ്രത്യേക രീതിയിലുള്ള ഭീകര സത്വത്തെ തന്‍റെ ആത്മാവില്‍ ആവാഹിക്കാതിരിക്കുന്നില്ല എന്ന്‍ ഒരുവനും നിഷേധിക്കാനാവില്ല.” വെളുപ്പ്‌ വര്‍ണ്ണത്തിന് രാഷ്ട്രിയവും സാമൂകവുമായ മാനങ്ങളുള്ള, അടിമക്കച്ചവടം നിലനിന്നിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ അമേരിക്കന്‍ സമൂഹത്തിലാണ് മെല്‍വില്‍ ജീവിച്ചിരുന്നത്. അതികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പാശ്ചാത്യമായ നിറം കൂടിയാണ് വെളുപ്പ്. ആഫ്രിക്കയിലേയും, അമേരിക്കയിലേയും ഏഷ്യയിലേയും ജനങ്ങള്‍ക്ക് വെളുപ്പെന്നാല്‍ തങ്ങളുടെ കൊളോണിയല്‍ ജീവിതത്തിന്‍റെ നടുക്കുന്ന ഭീകരനായ തിമിംഗലം തന്നെയാണ്. അപരിഷ്കൃതരും പരിഷ്കൃതരമായി മനുഷ്യരെ തരാം തിരിച്ചു സമീപിക്കുന്നതിലെ മടയത്തരം ഇസ്മായില്‍ കീക്ക്വഗുമായുള്ള അനുഭവത്തിലൂടെ മനസിലാക്കുന്നുണ്ട്. പാശ്ചാത്യകേന്ത്രീക്രതമായ ഏക ലോകവീക്ഷണത്തിന്‍റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്ന നിരവധി വിജ്ഞാപനങ്ങള്‍ ഈ നോവലില്‍ കാണാം. വെളുപ്പിനെ അധികാരത്തിന്‍റെയും വിശുദ്ധിയുടേയും കേന്ദ്രമാക്കിയതിനു പിന്നിലെ രാഷ്ട്രീയം മെല്‍വില്‍ തിരിച്ചറിയുന്നുണ്ട്. നോവലില്‍ കടല്‍ വിവിധ വര്‍ണങ്ങളിലൂടെ കടന്നുപോകുന്നത് കാണാം. ചിലയിടങ്ങളില്‍ പായലിന്‍റെ നിറവില്‍ ഹരിതാഭമായ കടല്‍,മറ്റു ചിലപ്പോളാകട്ടെ തിമിംഗലത്തിന്‍റെ ചീറ്റിയൊലിക്കുന്ന ചോരയില്‍ ചുകന്നു പൊന്തുന്ന തിരമാലകളുടെ കടല്‍ ...എന്നാല്‍ നിലാവില്‍ ചന്ദ്രശോഭിതമായ രാത്രിക്കു
താഴെ നുരപതഞ്ഞുകിടക്കും  വെളുത്ത കടലിനോളം ഭീകരമായ കാഴ്ചയില്ലെന്നാണ് മെല്‍വില്‍ പറയുന്നത്. ഒരു പക്ഷെ മനുഷ്യന്‍റെ അന്തിമ യഥാര്ത്യമായ വെളുത്ത അസ്ഥികൂടത്തെ ഓര്‍മിപ്പിക്കുന്നതിനാലാകാം എന്നും അദ്ദേഹം സന്ദേഹത്തോടെ പറഞ്ഞു വെക്കുന്നു.


           
സ്വയം കപ്പല്‍യാത്രകള്‍ നടത്തുകയും, തിമിംഗലവേട്ടകളില്‍ പങ്കെടുക്കുകയും വഴി വളരെ ആഴത്തിലുള്ള ജീവിതാനുഭവങ്ങക്ക് ഉടമയായിരുന്നു മെല്‍വില്‍.കടലിലും കരയിലുമായി താന്‍ കണ്ട വൈവിധ്യപൂര്‍ണമാര്‍ന്ന ജീവിതം തന്നെയാകാം ഊര്‍ജം പ്രസരിപ്പിക്കുന്ന ഈ നോവലിനെ കാമ്പും കരുത്തും ഉള്ള ഒരു ക്ലാസിക് ആക്കുന്നത്. കടലിന്‍റെ സഹസികാനുഭവങ്ങള്‍ പങ്കുവെക്കുന്ന രണ്ടു പുസ്തകങ്ങള്‍ മോബിഡിക്കിനു മുന്‍പേ മെല്‍വില്‍ എഴുതിയിട്ടുണ്ട്. ടൈപ്പി: പോളിനേഷ്യന്‍ ജീവതത്തിലേക്ക് ഒരെത്തിനോട്ടം(1846), ഓമു: തെക്കന്‍ കടലുകളിലെ സാഹസികതയെക്കുറിച്ച് ഒരു ആഖ്യാനം (1847) എന്നിവയാണ് അവ. മര്ക്വേസ് ദ്വീപിലെ തന്‍റെ അനുഭവങ്ങളെ ഉപജീവിച്ച് എഴുതിയ ടൈപ്പി അക്കാലത്തുതന്നെ ബെസ്റ്റ് സെല്ലെര്‍ ആയിരുന്നു. നരഭോജികള്‍ക്കിടയില്‍ ജീവിച്ചവന്‍ എന്ന പേരിലത്രേ അക്കാലത്ത് മെല്‍വില്‍ അറിയപ്പെട്ടിരുന്നത്.  എന്നാല്‍ മോബിഡിക്ക് അക്കാലത്ത് തിരസ്ക്കരിക്കപ്പെട്ട ഒരു ഗ്രന്ഥം ആയിരുന്നു. 1917 ല്‍ അമേരിക്കന്‍ എഴുത്തുകാരനായിരുന്ന കാള്‍ വാന്‍ ഡോറന്‍ നടത്തിയ മോബിഡിക്ക് പഠനങ്ങളും 1920 ല്‍ ഡി. എച്ച്. ലോറന്‍സ് അമേരിക്കന്‍ ക്ലാസിക്കല്‍ സാഹിത്യത്തെ ക്കുറിച്ച് നടത്തിയ പഠനങ്ങളും വാസ്തവത്തില്‍ മോബിഡിക്കിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വഴിവെച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലം മോബിഡിക്കിന് പുതിയ വായനകള്‍ നല്‍കി. മനുഷ്യഹിംസയുടെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള മെല്‍വിവില്ലിന്‍റെ കാഴ്ച്ചപ്പാടുകളും പ്രവചനസ്വഭാവം നിറഞ്ഞ എഴുത്തും ലോകത്തെയാകെ വിസ്മയിപ്പിച്ചു!  മോബിഡിക്കിന്‍റെ ആന്തരിക ഘടനയെ ബൈബിള്‍ വളരെ ആഴത്തില്‍ സ്വാധീച്ചിട്ടുണ്ട്. ഓരോ വായനയിലും അത് ഒരു പാട് അത്ഭുതങ്ങളെ തുറന്നു തരുംവിധം രഹസ്യമായ ഒഴുക്കുകളെ വഹിക്കുന്നുണ്ട്. കുടിയിറക്കപ്പെട്ടവരുടേയും എകാകികളായ യാത്രികരുടേയും കഥ എന്ന നിലയിലും, തിമിംഗലവേട്ടയെക്കുറിച്ചുള്ള വിജ്ഞാനകോശം എന്ന നിലയിലും മോബിഡിക്ക് തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ തന്നെ, മതം, തത്വചിന്ത, നീതി എന്നീ വ്യവഹാരങ്ങളിലേക്കും അത് ഉയര്‍ന്നു പൊങ്ങി വെളിച്ചം ചീറ്റുന്നുണ്ട്. 2004ല്‍ എന്‍റെ ഒരു തായ്‌ലാന്‍ഡ്‌ യാത്രയില്‍ ഹപ്ച്ചായിയിലെ ഒരു റസ്‌റ്റോറന്റില്‍ വെച്ച് മോബിഡിക്ക് വായിച്ചുകൊണ്ടിരിക്കുന്ന അമേരിക്കക്കാരനായ നിക്ക് എന്നൊരാളെ പരിചയപ്പെടുകയുണ്ടായി.എന്‍റെ കയ്യിലും അപ്പോള്‍ മോബിഡിക്ക് ഉണ്ടായിരുന്നു. മോബിഡിക്ക് അമേരിക്കന്‍ ബൈബിള്‍ ആണെന്നും യാത്രികരുടെ രഹസ്യപുസ്തകം ആണെന്നുമൊക്കെ അന്ന് അദ്ദേഹം ആവേശത്തോടെ പറയുകയുണ്ടായി. അതെ, മോബിഡിക്ക് ബൈബിളിലെ വചനങ്ങള്‍ക്കു നേരെപ്പിടിച്ച ഒരു കണ്ണാടിതന്നെയാണ്.

Saturday, August 9, 2014

കാവല്‍ക്കാരായ കെരൂബുകള്‍*

പട്ടണത്തില്‍ കെരൂബുകളെ ഈയിടെയാണ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ജൂതശ്മശാനത്തിലേക്കുള്ള ഇടവഴിയിലൂടെ പോകുമ്പോള്‍ അവര്‍ ‘തേനെടുപ്പുകാരന്‍റെ കല്യാണം’ എന്ന ഒരു നാടോടിപ്പാട്ടിന്‍റെ താളത്തില്‍ നൃത്തംവെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ ആണ്‍പെണ്‍ വിത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല പകല്‍ അവര്‍ തെരുവുകളില്‍ അലയുകയും കടല്‍തീരത്ത്
കൂട്ടംകൂടിയിരുന്ന്‍ ചോളം പുഴുങ്ങുകയും ചെയ്തുപോന്നു. രാത്രികളില്‍ പട്ടണത്തിന്‍റെ കിഴക്കേ അതിര്‍ത്തിയിലുള്ള വെള്ളിമൂങ്ങകളുടെ തുരുത്തില്‍ അവര്‍ ഒരുമിച്ചു കൂടും. അപ്പോള്‍ അവരിലൊരാള്‍ വായിക്കുന്ന പുല്ലാംകുഴല്‍ നിദ്രബാധിച്ച തെരുവിനുമുകളില്‍ ഒരു വിലാപമായ് അലയുമ്പോള്‍ മറ്റുള്ളവര്‍ അവരവരുടെതന്നെ മാംസക്കഷ്ണങ്ങളെ മുറിച്ച് കടലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരിക്കും,അതിപ്രാചീനമായ ഒരു അനുഷ്ഠാനം കണക്ക്.

കെരൂബുകളുടെ പേരുകള്‍ വിചിത്രമായ രഹസ്യങ്ങളെ വഹിക്കുന്നവയായിരുന്നു ഉദാഹരണത്തിന്:രക്തനദികളുടെ ഉലപ്ത്തി, ആപിള്‍ തോട്ടങ്ങളുടെ പാമ്പ്‌,അഭിഷേക തൈലത്തിന്‍റെ നിഴലില്‍, വയലില്‍ നിന്നുള്ള വിലാപം, നക്ഷത്രങ്ങളുടെ ന്യായവിധി എന്നിങ്ങനെ പോകുന്നു അത്.കടലിന്നഭിമുഖമായുള്ള എക്സോടസ് സത്രത്തിനരികിലൂടെ അവര്‍ നടന്നുനീങ്ങുമ്പോള്‍ ഭിഷഗ്വരന്മാര്‍ അവരെ സമീപിക്കുക പതിവ് കാഴ്ചയാണ്. മനുഷ്യശരീരത്തെയും രോഗങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് അഗാധമായിരുന്നു; ഇക്കാരണത്താല്‍ ശരീരത്തിന്‍റെ പ്രവാചകര്‍ എന്നും അവര്‍ ഭിഷഗ്വരര്‍ക്കിടയില്‍ അറിയപ്പെട്ടു.

വേനല്‍കാലത്ത് ചിത്രശലഭങ്ങളും മഴക്കാലത്ത് തലയില്‍ ചുവന്ന വരകളുള്ള ഒരിനം കടല്‍പക്ഷികളും മഞ്ഞുകാലത്ത് പരുന്തിന്‍കൂട്ടങ്ങളും    അവരെ അനുഗമിക്കുക പതിവാണ്. പട്ടണത്തിന്‍റെ കിഴക്ക്, ഘടികാര ചത്വരത്തിനരികെ കാലമേറെയായി അടഞ്ഞുകിടന്നിരുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മഞ്ഞുകാലത്ത്, കുന്തിരിക്കക്കത്തിന്‍റെ രൂക്ഷഗന്ധം നിറഞ്ഞൊരു പുലരിയില്‍, അതിനകത്തെ വലിയ പൂമരത്തിന്‍റെ ചുവട്ടില്‍ കെരൂബുകള്‍ കൂട്ടത്തോടെ മരിച്ചു കിടന്നു. അവരുടെ തുറന്നുവെച്ച കണ്ണുകളില്‍നിന്നും പ്രകാശം മഞ്ഞില്‍ കുഴഞു. അവര്‍ മരിച്ചുപോയതോടെ ആ പൂന്തോട്ടം ഞങ്ങള്‍ക്ക് വീണ്ടും തുറന്നുകിട്ടി.
 =================
*"മനുഷ്യനെ പുറത്താക്കിയശേഷം ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാക്കാന്‍ കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി." ഉല്പത്തി 3:24-പഴയനിയമം , ബൈബിള്‍ 

Thursday, August 7, 2014

ഒന്‍പതു മുതലകളുടെ തടാകം

നഗരം എന്നെ കൊള്ളയടിച്ച
രാത്രിയിലാണ് നിന്‍റെ വാതില്‍ക്കല്‍
വന്നു ഞാന്‍
ആദ്യം മുട്ടിയത്.

ഒന്‍പതു മുതലകളുടെ തടാകം
എന്ന പേരിലറിയപ്പെടുന്ന നിന്‍റെ
വീട്ടില്‍ അഭയംതേടുമ്പോള്‍
ഭയം ഇല്ലാതിരുന്നില്ല

നിന്‍റെ കിടപ്പുമുറിയിലെ
നിശാവസ്ത്രങ്ങളില്‍നിന്നും കറുകപ്പുല്ലു
തേടിയെത്തുന്ന മുയലിന്‍ കൂട്ടങ്ങളെ
നെഞ്ചില്‍ പിടിച്ചിരുത്തി
ഉമ്മകൊടുക്കുമ്പോള്‍ നീ
ഉദ്യാനത്തിലെ അരയന്നങ്ങളെ
കെട്ടിപ്പിടിച്ച് നഗ്നതയെ
അനുരാഗത്തിലേക്ക്
വിവര്‍ത്തനം ചെയ്യും.

അനന്തമായ മുറികളും
ഇടനാഴികകളുമുള്ള നിന്‍റെ
വീട്ടില്‍ നാമൊരിക്കലും കണ്ടുമുട്ടുന്നില്ല
എന്നിട്ടും നാമൊരുതരം നിഗൂഢമായ
പ്രേമത്തിലേര്‍പ്പെടുമ്പോള്‍
അകലെയല്ലാത്ത ഒരു മുറിയല്‍
കൊള്ളക്കാര്‍ രത്നങ്ങള്‍
പങ്കുവേക്കുന്നതിന്‍റെ തിരക്കില്‍
നിന്‍റെ ചിരി ഉയര്‍ന്നു പൊന്തുന്നത്
ഞാന്‍ കേള്‍ക്കുന്നുണ്ട്
മുതലകളുടെ ഇളകിയാട്ടംപോലെ.