Sunday, July 20, 2014

ഇസ്മായീലിന്‍റെ ആടുകള്‍

കമ്പിവേലികലുള്ള
എന്‍റെ തൊടിയിലേക്ക്‌
ഇസ്മായീലിന്‍റെ രണ്ട്
ആടുകള്‍
പുല്ലുതേടിവന്നു
അവയെ ഞാന്‍
മുരിക്കിന്‍ മരത്തില്‍
കെട്ടിയിട്ടു
അവയെത്തേടി
ആദ്യമെത്തിയ
ഇസ്മായീലിന്‍റെ
പെങ്ങള്‍ ആയിഷയെ
നാരകമരത്തിലും
പിന്നീടെത്തിയ അവനെ
ഈന്തപ്പനമരത്തിലും
കെട്ടിയിട്ടു
അവന്‍റെ
വാപ്പയും ഉമ്മയും
അവര്‍ക്കുവേണ്ടി
ഞാന്‍ കുഴിച്ച
കുഴിയില്‍ത്തന്നെ വീണു

ഉടനെ
ജര്‍മനിയില്‍ താമസിച്ചിരുന്ന
റെബേക്ക അമ്മയിക്ക്
ഞാന്‍ ഫോണ്‍ചെയ്തു
അമ്മായി കുടുംബത്തോടെ
വന്ന് ഇസ്മായീലിന്‍റെ
വീട്ടില്‍ താമസംതുടങ്ങി
അവരുടെ ഒലീവുമരങ്ങളെ
കടയോടെ പിഴുത്
അവരുടെതന്നെ
വെളുത്ത ഒരിനം
മാടപ്രാവുകളെ
ചുട്ടുകൊന്ന്‍
അമ്മായി
അവസാനമില്ലാത്ത
അത്താഴമേശയില്‍
വിരുന്നോരുക്കിയിട്ടുണ്ട്
ഞാനതില്‍ പങ്കെടുത്തിട്ടുവരാം

അതെ നിന്‍റെ മുറിവുകളില്‍
നിന്നുതന്നെയാണ്
രക്തഗന്ധമുള്ള
എന്‍റെ രാജ്യത്തിന്‍റെ
ഭൂപടം പരന്നുപടര്‍ന്നു
വികസിച്ചുകൊണ്ടിരിക്കുന്നത്

No comments:

Post a Comment