Saturday, July 19, 2014

എന്‍റെ മുലകള്‍ നിന്‍റെ അപ്പവും വീഞ്ഞുമായിരുന്നു

അമ്മയെ പാമ്പുകടിച്ചു
മരിച്ചതില്പിന്നെ സീമയുടെ 
മുലകളാണ് സേവ്യറിനെ 
വളര്ത്തിയത്.

സേവ്യറെ അന്നു നിനക്ക് 
മൂന്ന് മണിക്കൂറായിരുന്നു പ്രായം.
എനിക്ക് പകരം
കീരിയെ മലയടിവാരത്തേക്ക്
പുല്ലരിയാന്‍ വിട്ടു
അരിവാളുമായ് നിന്‍റെ തൊട്ടിലിനരികെ
ഞാനിരുന്നു.
നിന്‍റെ ജീവനില്‍ പാമ്പിഴയുന്ന
കരിയിലയനക്കങ്ങള്‍ എന്‍റെ
രാവാഴങ്ങളെപ്പോലും
വെറുതെവിട്ടില്ല.ഉറക്കം
കയറിയെത്താന്‍ പറ്റാത്ത കയറ്റമായ്
എന്നെ താഴേക്കു
തള്ളിവിട്ടുകൊണ്ടെയിരുന്നു.

നീ വളര്‍ന്ന
ഇടവഴി നടത്തങ്ങളെ
ഞാന്‍ ഭയത്തോടെ കണ്ടു.
പശുവിന്‍റെ കയറുപോലും
നിന്നെകാണുമ്പോള്‍ കൊത്താനോങ്ങി,
നീലാകാശം നിറച്ചുവെച്ച
വിഷസഞ്ചിയായ് നിന്നെ
തുറിച്ചുനോക്കി
ഹാ..ന്‍റെ സേവ്യറെ...

എന്‍റെ മുലകള്‍ നിന്‍റെ
അപ്പവും വീഞ്ഞുമായിരുന്നു
എന്നിട്ടും,ഒരു ശിവരാത്രിക്ക്
നീ എന്നെ കൊത്തി,ആഴത്തില്‍,
വളര്ത്തിയാല്‍ അമ്മയാവില്ലെന്നും
എന്‍റെ അമ്മ മറിയം എന്നും
ചുമരില്‍ നിഴലുകൊണ്ടെഴുതിവെച്ചു.

ഒടുവില്‍ നിലയില്ലാത്ത
മലയിടുക്കിലേക്ക് നീയെന്നെ
എടുത്തെറിയുമ്പോള്‍
നിനക്ക് മുപ്പത്തിമൂന്നു വയസ്സ്,
ഒരിഴജന്തുവിനു ഈ ഉലകത്തെ
വിഴുങ്ങിക്കളയാന്‍ പറ്റിയ പ്രായം.

No comments:

Post a Comment