Saturday, July 19, 2014

ഗസല്‍ ദൂരം

ഇന്ത്യയില്‍നിന്ന്‍
ഇന്ത്യയിലേക്കും
പാക്കിസ്ഥാനിലേക്കും
ഒരേദൂരം ഉര്‍ദു ,
അതിന് ഹിന്ദിയുണ്ടല്ലോ

അച്ഛനില്‍ നിന്നും
അമ്മയിലേക്കുള്ള ദൂരം
അതിനു മക്ക, മക്കളുണ്ടല്ലോ,
മരു, ഭൂമി, മക്കളുണ്ടല്ലോ.

കാമുകിക്ക്
കാമുകിയില്‍നിന്നും
കരക്കു കടലില്‍നിന്നും,
കാക്കവെളിച്ചത്തിനു
കുയിലിരുട്ടില്‍നിന്നും
ദൂരം ദൂരമേറെയാകയാല്‍
വയലുകളുണ്ടല്ലോ,
വയലിനുകളുണ്ടല്ലോ.
പുല്‍മേടുകളുണ്ടല്ലോ,
പുല്ലാംകുഴലുകളുണ്ടല്ലോ.

പച്ചമഴയില്‍നിന്നും നട്ടുച്ച
വെയിലിന്‍റെ  വെള്ളരിപ്രാവു
കളിലേക്കുള്ള ദൂരം
കുറിക്കുവാന്‍ ഉണ്ട്
പൂവാം കുഴലുകള്‍
കുരുവികള്‍!
ഗസലുകള്‍ മേയാനിറങ്ങും
സിതാറിന്‍താഴ്‌വരകള്‍,
ഷെഹനായ്
മുളംകാടുകള്‍,
തബലകളിലലയടിച്ചുയര്‍ന്നു
പൊങ്ങും അമ്പല

പ്രാവുകള്‍! പ്രാവുകള്‍! 

No comments:

Post a Comment