Saturday, July 19, 2014

നാവികന്‍റെ വിധവ

ഈ നാവികന്‍റെ ശവകുടീരത്തില്‍ 
തലവെച്ചുനോക്കൂ 
കടലുകള്‍ ഇരമ്പിയാര്ക്കുുന്നത് 
കേള്‍ക്കുന്നില്ലേ

വിധവയുടെ വീട്ടുമുറ്റത്തെ
വലിയ പുളിമരത്തില്‍
ആയിരക്കണക്കിന്
തത്തകളിരുന്നിട്ടും
എന്തൊരു നിശബ്ദതയാണ്
ആ സ്ത്രീയുടെ മുഖത്ത്‌!

ഈ ഉദ്യാനത്തിലെ യാതനകള്‍
മുറിവുകളിലവരുടെ
സ്വപ്നങ്ങളെ
മറവുചെയ്യുന്നു
ചിത്രശലഭങ്ങളുടെ
ചിറകുകള്‍കൊണ്ട്
നാവികന്‍ മരിച്ചുകിടന്ന കപ്പല്‍
അകലങ്ങളെ ആകാശമാക്കുന്നു

പുരോഹിതര്‍
കാലുകുത്താത്ത ദേവാലയത്തില്‍നിന്നും
ദൈവത്തിന്‍റെ ദുര്‍ഗന്ധമില്ല
വയലിനും ഗിത്താറിനും
മാലാഖമാരുടെ മണം
മരണം വെയില്‍കായുന്ന
മരച്ചുവടാണ് നീ

ഓ നാവികന്‍റെ പ്രിയതമേ...
നിന്‍റെ കാമുകനായിരിക്കായാല്‍
ഉപ്പുകാറ്റില്‍ പനിനീര്പ്പൂവുകളുടെ
ഗന്ധം ഞാനറിയുന്നുണ്ട്

തുറമുഖനഗരത്തിലെ ലൈറ്റ്‌ ഹൌസിനു
പിറകില്‍ നാം പരസ്പരം
ചുംബിച്ചുവിവശരാകുമ്പോള്‍
രാത്രിയുടെ ഓരോ
ശവക്കുഴികളില്നികന്നും
ആയിരക്കണക്കിനു
നാവികര്‍ നമ്മെ
തുറിച്ചുനോക്കുന്നുണ്ട്
അത് നീ മറക്കേണ്ട

നാവികന്‍റെ പ്രിയതമേ
ഈ രാത്രിയില്‍
നിന്‍റെ ഉദരത്തില്‍
കപ്പലുകള്‍ ഇളകിയാടുന്നത്
ഞാനറിയുന്നുണ്ട്.

No comments:

Post a Comment