Saturday, July 19, 2014

പൂത്തുവിരിഞ്ഞുനില്ക്കുുന്ന ഒരു നുണ

കണ്ണുകളെ മുന്നിലേക്ക്‌
തള്ളിവെച്ച തല,
മുന്നിലേക്കു തന്നെ
നോക്കിയിരിക്കുന്ന
രണ്ടു കണ്ണുകള്‍
അവക്ക് ഭാവിയിലാണ്
കൂടുതല്‍ താല്പാര്യം
എന്നുതോന്നുന്നു.ചിന്ത,
ദര്‍ശനം എന്നുവേണ്ടാ
വരാനിരിക്കുന്ന വലിയ
വലിയ കാര്യങ്ങളിലേക്ക്
നട്ടുവെച്ച രണ്ടു
വിത്തുകള്‍.
കുറേനോക്കി മടുത്താല്‍
അവ സ്വയം
ഒന്നടഞ്ഞു പോകും.
തലയുടെ ശരീരശാസ്ത്രത്തില്‍
കണ്ണുകളെ മുന്നില്‍
കൊണ്ടുവന്നുവെച്ചതിലെ
ജീവശാസ്ത്രപരമായ
നേട്ടം എന്ത്?വേട്ടക്കാര്‍
പിന്നില്‍നിന്നും കുത്താറില്ലേ?

കൂര്‍പ്പിച്ചുവെച്ച രണ്ടുചെവികള്‍
എങ്ങോട്ട്, പിന്നിലെക്കുതന്നെ.
കണ്ണുകള്‍ക്ക് പിന്നില്‍
ശബ്ദങ്ങളെ പിടിച്ചുള്ളിലെക്ക്
തള്ളിവിടാന്‍ തക്കംപാത്ത്.
ഭൂതകാലത്തിന്‍റെ പടവുകളിലേക്ക്
ഇറങ്ങിപ്പോകുന്ന  ഒച്ചകള്‍.
ഒച്ചകളും വിളികളും
പുറകില്‍നിന്നാണധികവും.
ഒച്ചകളെയും വാക്കുകളെയും
വലിച്ചെടുക്കുന്ന തുകലിന്‍റെ
രണ്ട് ഡിഷ്‌ആന്റിനകള്‍.

ഒരു പാട്ടിന്‍റെ പുറത്തുകയറി
കുട്ടികാലത്തിലേക്ക്
കുതിക്കാന്‍
കഴിയുന്നതെന്തുകൊണ്ട്?
മറവിയില്‍ ഉറഞ്ഞുപോയ
പഴയകാലങ്ങള്‍
സംഗീതത്തിന്‍റെ
താളത്തില്‍
ഉരുകിയൊലിച്ചുണരുന്നത്,
സ്മരണയുടെ വീട്ടിലേക്ക്
നമ്മെ കൈപിടിച്ചുകൊണ്ടുപോകുന്നത്
എവിടെയോ മറന്നുവെച്ച
മുഖങ്ങളെ,മൃഗങ്ങളെ
തിരഞ്ഞു കണ്ടു പിടിക്കുന്നത്.
ശബ്ദങ്ങളെ താളത്തിന്‍റെ
മേളത്തിന്‍റെ പൂല്‍മേടുകളിലേക്ക്
അഴിച്ചുവിടൂ മേഞ്ഞുമേഞ്ഞവ
തിരിച്ചുവരും ഓര്‍മയുടെ
മുഴുത്ത അകിടുകളുമായി. 

കണ്ണുകള്‍,ചെവികള്‍,
മസ്തിഷ്ക്കം എന്ന
വമ്പന്‍ കോട്ടയുടെ
തുറന്നുവെച്ച രണ്ടു
വാതിലുകള്‍. കോട്ടയുടെ
ഏതു രഹസ്യമുറിയിലാണാവോ
ബോധം ഒളിച്ചു താമസിക്കുന്നത്?
ന്യൂറോണ്കളുടെ ഏതു
താഴ്വരയിലാണ് ഞാന്‍
എന്ന നുണ

പൂത്തുവിരിഞ്ഞുനില്‍ക്കുന്നത്?

No comments:

Post a Comment