Tuesday, February 17, 2015

അഭംഗികള്‍

മകരം മരങ്ങളില്‍
പൂക്കളുടെ നിറമുള്ള 
മഞ്ഞ കലര്‍ന്ന
കാറ്റായാടുമ്പോള്‍
പിഞ്ചു കുഞ്ഞുങ്ങളെ
മാത്രം മറവുചെയ്ത
മൈലാഞ്ചി
ച്ചെടികള്‍ക്കിടയിലൂടെ
കരഞ്ഞു പിറക്കുന്ന
സൂര്യനെന്തു ഭംഗി


എന്‍റെയുള്ളിലൊരാള്‍ മരിച്ചുകിടക്കുമ്പോള്‍

ബോധത്തിന്‍റെ താഴ്വരായിലൂടെ
നടക്കാനിറങ്ങുന്ന പെണ്കുട്ടി 
പൂപറിക്കുന്നത് ആര്ക്കുവേണ്ടിയാകാം
ഞാനെന്‍റെ ചെന്നായ്കൂട്ടങ്ങളെ
കെട്ടഴിച്ചു വിടാനൊന്നും പോകുന്നില്ല.
എങ്കിലും ഞാന്‍ മൂടിവെച്ച
അബോധത്തിന്‍റെ വീഞ്ഞുഭരണികളിലേക്ക്
കുഴിവെട്ടുകാരന്‍റെ മണ്‍വെട്ടിപോലെ
അവളെന്തിനാണ് ഇങ്ങനെ എത്തിനോക്കുന്നത്?
മരിച്ചായാല്‍ നിവര്ന്നു കിടക്കുന്ന
മഞ്ഞുകാലത്തിലേക്കാണ്
ലോകത്തിലെ മുഴുവന്‍ പെണ്കു്ട്ടികളും
പൂവ് ശേഖരിക്കുന്നതെന്ന്‍
ആര്ക്കാണറിയാത്തത്
അതാ അതാ ഒരാകാശം നിറയെ
പക്ഷികളുടെ വിലാപം നിറച്ചുകൊണ്ട്
ഒരമ്മ മാത്രം കരയുന്നു
മഞ്ഞിന്‍ ശവക്കലറക്കരികില്‍
കറുത്ത മൂടുപടമിട്ടു
ഒരുത്തി മുഖം താഴ്ത്തിയിരിപ്പുണ്ട്
അതയാളുടെ അമ്മയാകാതെ തരമില്ല.
എങ്കിലും 'ഏയ്‌ സ്ത്രീയെ നിന്നെ ഞാന്‍ അറിയുന്നില്ല'.
ഞാനെന്‍റെ ചെന്നായ്കൂട്ടങ്ങളെ
ഇതാ അഴിച്ചുവിടുന്നു
പെണ്കുട്ടികള്‍ അങ്ങനെ
അലഞ്ഞുതിരിയേണ്ടതില്ലെന്ന
ഗുഹാലിഖിതങ്ങള്ക്കു്ള്ളിലൂടെ
എണ്ണിയാലൊടുങ്ങാത്ത ചെന്നായ്ക്കള്‍
പാഞ്ഞുകൊണ്ടേയിരിക്കട്ടെ.
മഞ്ഞുകാലത്തിന്‍ ശവക്കല്ലറയില്‍
മരിച്ചവന്‍ മരിച്ചുതന്നെ കിടക്കട്ടെ,
വെയില്‍ നിറമുള്ള തുമ്പിയെപ്പോലെ.

ഇയ്യോബിന്‍റെ പുസ്തകങ്ങള്‍

ജീവിതം ഇയ്യോബിനെ അസ്തിയിലും
മാംസത്തിലും യാതനകളുടെ 
മുറിവുകള് കൊണ്ട് നിറച്ചു
അയാള്‍ രോഗശയ്യയില്‍
കിടന്നുരുളാന്‍ തുടങ്ങിയിട്ട് നാളേറെയായില്ലേ.
ഓട്ടുകഷ്ണംകൊണ്ടയാള്‍ വൃണങ്ങളെചുരണ്ടി
കിടപ്പുമുറിയാകെ ദുര്‍ഗന്ധം നിറച്ചു
‘എന്നിട്ടുമവന്‍ നാവുകൊണ്ട് പാപംചെയ്തില്ല’
അവന്‍റെ മുറിയിലെക്കാരെങ്കിലും
വന്നുപോയിട്ടെത്ര നാളായി.
ഇന്ന് അവന്‍റെ പെങ്ങള്‍ സലോമിയൊരു പാത്രം
തിളപ്പിച്ചാറിയ വെള്ളം കൊണ്ടുവന്നവന്‍റെ
മേശമേല്‍ വെച്ചിട്ടുണ്ട്
അത്രയ്ക്ക് വരണ്ടതായിരുന്നു
സന്ധ്യക്കവന്‍റെ നിലവിളികള്‍.
വിപുലമായ പുസ്തകശേഖരം
അവനുണ്ടായിരുന്നു.
തടിച്ചും മെലിഞ്ഞുമവ
ഷെല്ഫില്‍ നിരന്നിരിക്കേണ്ടതിനുപകരം
ഒന്നു മറ്റൊന്നിനെ തിന്നാന്‍ തുടങ്ങുന്നത്
ഇയ്യോബ് കണ്ടുകൊണ്ടിരിക്കയാണ്.
ഇറാക്കിന്‍റെ ചരിത്രം എന്ന
ആയിരത്തൊന്നു താളുകളുള്ള
പുസ്തകത്തെ ജിഹാദ് എന്ന് പേരുള്ള
നീണ്ടുമെലിഞ്ഞൊരു പുസ്തകം
തിന്നുതീര്ക്കുമ്പോള്‍ ഞാന്നുകിടക്കുന്നൊരു
പൂന്തോട്ടം ഇടിഞ്ഞുവീഴുന്നതായാള്‍ കേട്ടു
റോമീല ഥാപ്പറുടെ ഇന്ത്യാചരിത്രത്തെ
കുങ്കുമം തൊട്ടുവന്ന ‘വിചാരധാര’ വിഴുങ്ങുമ്പോള്‍
അച്ചടക്കമില്ലാത്ത ചില ചുവപ്പന്‍ അധ്യായങ്ങള്‍
അതിനെക്കുതറി മാറുന്നതും
ഇയ്യോബ് കാണാതെയിരുന്നില്ല.
യൂറോപ്പിനെ ഒരു ഭൂതം വിഴുങ്ങുന്നു
എന്ന് തുടങ്ങുന്ന പുസ്തകം തന്നെ
യൂറോപ്പിന്‍റെ ഭൂപടപുസ്തകത്തെയൊരു
പാമ്പിനെപ്പോലെ വരിഞ്ഞുമുറുക്കുമ്പോള്‍
ഉടയുന്ന മനുഷ്യാസ്ഥികൂടങ്ങളേറ്റ്
ഇയ്യോബിന്‍റെ വൃണങ്ങള്‍ ഏറെനൊന്തു.
ദൈവംതന്നെയെഴുതിയ ദൈവം എന്ന
ചിരപുരാതന പുസ്തകത്തെ
ആരോ എഴുതിയ ചെകുത്താന്‍
എന്നൊരു പുസ്തകം തിന്നുതിന്നു
രസിക്കുമ്പോള്‍ ഒരു വാഹനം
ഇയ്യോബിന്റെള വീട്ടുമുറ്റത്ത് വന്നുനിന്നു.
അയാളുടെ അന്ത്യകൂദാശക്കുള്ള
പുരോഹിതനും എത്തിക്കഴിഞ്ഞിരിക്കുന്നു
ഇനിയിപ്പോ ഇത്രയുംകാലം നീലകണ്ണാടിയില്‍
ഒളിച്ചിരുന്ന മരണം എന്ന പുസ്തകത്തിന്
അയാളുടെ ജീവന്‍റെ പുസ്തകവും
തിന്നുതീര്ത്തേ മതിയാകൂ
അവന്‍റെ വീട്ടുകരെപ്പോഴോ
മറവിയുടെ കുന്തിരിക്കം പുകച്ചുകഴിഞ്ഞു.

ഇരുനരകങ്ങളുടെ കഥ

ഒരു നഗരത്തില്‍നിന്നും
മറ്റൊരു നഗരത്തിലേക്ക് 
യാത്ര ചെയ്യുന്നതിനിടെ
നാമൊരു മരുഭൂമിയായി മാറും.
ഒട്ടകങ്ങള്‍ ഈന്തപ്പനമരങ്ങള്‍ക്ക് പുറമേ
വെയിലിന്‍റെ തടാകം
നീന്തുന്ന ഒരു മുടന്തന്‍ ആട്ടിടയനും
കൂടിയാകുമ്പോള്‍
അലഞ്ഞു തിരിയുന്ന
രണ്ടു കമിതാക്കള്‍ നമ്മുടെ
പരുപരുത്ത ചെരിവുകളിലൂടെ
നടന്ന്‍ അസ്തമയത്തിന്‍റെ
ചുവപ്പ് കടക്കും.
അവരുടെ നനഞ്ഞ
ചുംബനങ്ങളില്‍നിന്നും
നമ്മുടെ വരണ്ടുപോയ
കിണറിലുറവകള്‍ പൊടിയുമ്പോള്‍
രാത്രിയില്‍ നിന്നുമൊരു ചന്ദ്രക്കല
അതിലേക്കെത്തിനോക്കും.
അനുരാഗത്തിന്‍റെ വെളിച്ചംകൊണ്ട്
ജലരേഖകള്‍
വെട്ടിത്തിളങ്ങുമ്പോള്‍
തവിട്ടുനിറമുള്ള തുകലിന്‍റെയൊരു
ഉറയില്‍ അരയില്‍ രഹസ്യമായ്
തിരുകിയിരുന്ന കത്തികൊണ്ടവന്‍
അവളുടെ കഥ കഴിക്കുന്നു.
കലണ്ടറിന്‍റെ കവാടമുള്ള
നഗരത്തിലേക്കിനി ദൂരമധികമില്ല
നാം നമ്മിലേക്ക് തന്നെ
തിരിഞ്ഞുനടക്കേണ്ടതുണ്ട്
നഗരത്തിലെങ്ങും
ഉരുകിയൊലിക്കുന്ന ഘടികാരങ്ങള്‍
നമ്മുടെതന്നെ നിഴലുകളല്ലാതെ
മറ്റെന്താണ്.

അച്ഛന്‍റെ മുഖമുള്ള ഓര്‍മ്മകള്‍


അച്ഛന്‍റെ ഓര്‍മകളില്‍
ഇറങ്ങിനടക്കുമ്പോള്‍
അമ്മയുടെ
നെഞ്ചിനുനേരെ
മൂപ്പരുടെ വിണ്ടുകീറിയ
ഇടത്തെകാല്‍
പാഞ്ഞുവരാറുണ്ട്
പാടവരമ്പിലൂടെ ചില
അസ്തമയങ്ങളെ
ഉദയത്തിന്‍റെ
ചെങ്കൊടികളാക്കി
ജാഥകള്‍ കടന്നുപോകുമ്പോള്‍
കുത്തുകൊണ്ടിട്ട്
ചാടിയോടുന്ന
ദളിതന്‍റെ പൂട്ടുകാള കണക്കെ
അച്ഛനാ വരിയില്‍ ലയിക്കും
ചില ഇങ്ക്വിലാബ് വിളികള്‍
മൂപ്പരെ അതില്‍
വിളക്കിച്ചേര്‍ക്കാതെയുമിരുന്നില്ല
രാത്രിയുടെ
ചക്രവാളത്തില്‍ നിന്നും
ചൂട്ടിന്‍റെ വെളിച്ചമാടിയാടിയടുക്കുമ്പോള്‍
ഞങ്ങള്‍ നാലഞ്ചു
മനുഷ്യജന്മങ്ങള്‍ പരസ്പരം
കണ്ണുകള്‍കൊണ്ട് ഭയം
നെയ്തെടുക്കുമ്പോഴാവും
അമ്മ പറയുക:
‘ഇന്‍റെ പാവിട്ടക്കുളങ്ങര ഭഗവതിയേ
ഇന്നാര്ടെ നെഞ്ചില്‍, ഇന്നേതു മണ്‍ചട്ടി’.
ഓലക്കിടയില്‍
തിരുകിവെച്ച വെട്ടുകത്തി
എന്‍റെ പരിധിക്കുമെത്രയോ
അപ്പുറത്തായിരുന്നു
അതൊരു മകരചൊവ്വാരാവായിരുന്നു
ഉത്സവപ്പറമ്പില്‍നിന്നും
കുമാരസംഭവം പടം
കണ്ടുമടങ്ങുന്ന അച്ഛനെ
കോവപ്പുറത്തെ
അയമുമാപ്ലേം കൂട്ടരും
വട്ടംവളഞ്ഞു
വെട്ടിക്കുടല്‍മാല
പുറത്തിട്ടു മണലുള്ളില്‍ വാരിനിറച്ചു
ഇപ്പോഴും
എരിഞ്ഞിപ്പടിയിലേക്ക് പോകുന്ന
ഇടവഴിയില്‍വെച്ച്
ജെമിനി സാറചേച്ചിയുടെ
എന്‍റെ അതേ മുഖമുള്ള
മകനെ കാണും
അന്നേരം
അച്ഛന്‍റെ ഓര്‍മ്മകള്‍
കൊമ്പുമുളച്ച വേഗത്തോടെ
അവന്‍റെ സൈക്കിളില്‍
എനിക്കെതിരെ പാഞ്ഞുവരും. 

എന്‍റെ മേരീ നിന്നെ ഞാനിന്ന്‍

നീയുടനെ വരുമോ?
പ്രേമം മൂത്ത്പഴുത്ത്
പറങ്കിമാവിന്‍ തോപ്പിലേക്ക്
മുടിയഴിച്ചിറങ്ങുമ്പോള്‍
നാം കണ്ടുമുട്ടിയാല്‍
ചിത്രശലഭങ്ങളുടെ ചിറകുകള്‍കൊണ്ട്‌
നിനക്കുതരാനൊരു അടിവസ്ത്രം
തുന്നിവെച്ചിട്ടുണ്ട്
അതിനൊന്നും നേരമില്ല
ഞാന്‍ നിന്‍റെ അടുക്കള ത്തോട്ടത്തിലെ
മുരിങ്ങ മരങ്ങള്‍ക്കും
മൈലാഞ്ചി ചെടികള്‍ക്കും 
ഇടയിലൂടെ വരാം 
അടുക്കള വാതില്‍
തുറന്നാണോ കിടക്കുന്നത്?
നീ രഹസ്യങ്ങളുടെ ഉദ്യാനമല്ലേ
നിന്‍റെ ഉടലിലെ ഓരോ
മരത്തില്‍നിന്നും ഞാന്‍
വിലക്കപ്പെട്ട പഴങ്ങള്‍ പറിച്ചുതിന്നും
കുറച്ചു നീര്‍മാതളങ്ങള്‍
നട്ടുപിടിപ്പിച്ചുകൂടെ?
തുടയുടെ താഴ്വരയില്‍
ഞാന്‍തന്നെ മുല്ല,ചെമ്പകം,
പനിനീര്‍ നട്ടുനനച്ചാലെന്ത് 
മാറിടത്തില്‍ നീ ഉറക്കിക്കിടത്തിയ
രണ്ടു മാടപ്രാവുകളെ
വിളിച്ചെഴുനേല്‍പ്പിച്ച്
ആപ്പിള്‍ മരത്തിന്‍റെ
ചില്ലകളിലേക്ക് പറത്തിവിടട്ടെയോ? 
തത്തകളെ ജീവനോടെ 

 കുഴിച്ചിട്ട നിന്‍റെ

ചുണ്ടുകള്‍ക്കുള്ളില്‍
കര്‍പ്പൂര ഗന്ധമുള്ള
വാക്കുകള്‍ കലപിലകൂട്ടി
പുകയുന്നത് കേള്‍പ്പിക്കൂ
നിന്‍റെ അപ്പനും അമ്മയും
പള്ളിവിട്ടു വരുംമുമ്പേ
ഞാന്‍ പണിപറ്റിക്കും
ശരീരത്തിലെ രണ്ടു
വിളക്കുകളിലും
തീ കോരിനിറച്ച് കുരിശേറിയിട്ടും
ജീവിച്ചിരിക്കുന്ന നിന്‍റെ
ദൈവത്തെ അതില്‍ എരിച്ചുകൊല്ലും
അവന്‍ ഒന്നും കാണേണ്ട
നിന്‍റെ അപ്പന്‍റെ
മണ്ണെണ്ണ മണമുള്ള
പരുത്തി മെത്തയില്‍
കര്‍ത്താവേ കര്‍ത്താവേ
എന്നു നീ നെടുവീര്‍പ്പിടുവോളവും
എന്‍റെ കടവിലെ
അണലികള്‍ നിന്‍റെ
വീടിനുള്ളില്‍ ആയിരക്കണക്കിന്
കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടുന്നു
നിന്‍റെ അപ്പന്‍റെ
വളര്‍ത്തുപാമ്പുകള്‍ക്ക്
അതത്ര രസിക്കുന്നില്ലതന്നെ 
കടവിലെ കഞ്ഞിപ്പശ കണക്കുള്ള
എന്‍റെ കെണിയില്‍ 
പിടഞ്ഞു പിടഞ്ഞു നീ 
പ്രാചീന മാംസയുഗത്തിന്‍റെ ഗുഹയിലേക്ക്
പ്രളയം വരുന്നത് അറിയും.

ശ്മശാനത്തിന് പിറകിലൊരു സ്ക്കൂളുണ്ടായിരുന്നു

ശ്മശാനത്തിന് പിറകിലൊരു  
സ്ക്കൂളുണ്ടായിരുന്നു
ആലാപാലം  കടന്നങ്ങോട്ടൊരു
വഴിയുണ്ടായിരുന്നു
പഞ്ഞിത്തലയൻ കൊല്ലത്തുകാരൻ  ഹെഡ് മാഷേ
ആരവങ്ങളുടെ  ക്ലാസ്  മുറികളെ
വരാന്തയിലെ നീണ്ട
ഒരൊറ്റ ഉലാത്തൽ  കൊണ്ട് 
നിശബ്ധമാക്കുമായിരുന്നല്ലൊ 
ശ്മശാനത്തിന് പിറകിലവിടെയൊരു  
സ്ക്കൂളുണ്ടായിരുന്നു

ഹിന്ദി അക്ഷരങ്ങളെ  
ഒരയയിൽ എന്നപോലെ 
ബോർഡിൽ തൂക്കിയിട്ട്
അത്തം ക ദസ് ദിൻ മെ ഓണം ആത്താഹേ 
എന്നു മുഴുമിപ്പിക്കും മുമ്പേ
ഉറക്കം തൂങ്ങിയാടുന്ന ഹിന്ദി മാഷടെ 
തുണിയൊരിക്കൽ അഴിഞ്ഞുപോയേ

എന്നും നേരംവൈകിവരുന്ന   
ബയോളജി ടീച്ചറുടെ 
മകന്‍ ഡാര്‍വിനെ 
മുഖമൂടി മുക്കില്‍വെച്ച്  
ക്വട്ടേഷൻ ടീമിനുവേണ്ടി 
കത്തി കയറ്റിക്കൊല്ലുമ്പോൾ 
സത്യമായിട്ടും എനിക്കറിയില്ലായിരുന്നു 
അവന്‍റെ അമ്മക്കതിലുള്ള പങ്ക് 

കറുത്ത മൂവാണ്ടന്‍ മാവിനെക്കൂടാതെ  
സ്ക്കൂൾ മുറ്റത്ത്  രണ്ടു  
വാക മരങ്ങളും തടിച്ചൊരു  
പ്ലാവുമുണ്ടായിരുന്നില്ലേ 
മരങ്ങൾ മുറിച്ച്  കണ്ടങ്ങളാക്കി
കൈവണ്ടിയിൽ കയറ്റുംവരെ കാവൽനിന്ന
ചെവിയിൽ നീണ്ടുചുരുണ്ട മുടികളുള്ള
റാഫേൽ മാഷേ 
നിങ്ങളെ
പേപട്ടി കടിച്ചുമരിച്ചത്  
ഞാൻ ജയിലിൽ വെച്ചാണറിയുന്നത്

സ്റ്റാഫ് റൂമിലിരുന്നു
ബീഡി വലിച്ചൂതുന്ന 
മുടിനീട്ടി വളർത്തിയ ഇംഗ്ലീഷ്
നോട്ട് ഒണ്‍ലി ബട്ട്‌ ഓൾസോ
ഗ്രേസിട്ടീച്ചറോടെന്തോ പറയുമ്പം 
കാട്ടു താറാവുകൾ ഇണകളെത്തിരയുന്ന
ചലച്ചിത്ര ഗാനങ്ങളുടെ നട്ടുച്ചയിലേക്ക് 
ബെല്ലുകൾ ണിം ണിം ണിം ണിം ണിം

"വാക്കുകൾ കൂട്ടിചെല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍"
മാവിന്‍ ചുവട്ടിലെ
കുട്ടികള്‍ക്ക് നടുവിലിരുന്ന്
ഉറക്കെ കവിത ചൊല്ലിയിരുന്ന 
വിജയന്‍ മാഷ്‌
ഇന്നലെയെന്നെ ജയിലില്‍
വന്നു കാണുമ്പോള്‍ 
എന്‍റെ വധശിക്ഷക്ക്
ഏഴു രാപ്പകലുകളുടെ ദൈര്‍ഘ്യംമാത്രം.

പൊയ്മുഖം


പൊയ്മുഖം വില്‍ക്കുന്നവരുടെ
ഇടുങ്ങിയൊരു തെരുവില്‍ കൊണ്ടുപോയി
നീയെന്‍റെ മുഖം വില്‍ക്കുന്നു
പടിഞ്ഞാറു നിന്നും വന്നൊരു
നാടകക്കാരി അതിനു വിലപേശി
പണിപോയ രണ്ടു കോമാളികളും
ബ്രാവോ സര്‍ക്കസിലെ ഒരു കുള്ളനും
അതെടുത്തിട്ടൂരിവെച്ചോടും
മദ്യശാലക്കരികെ കൂട്ടംകൂടി
നൃത്തംചെയ്യുന്ന
നാടോടികളുടെ ഓരോ ചുവടുകളിലും
എന്‍റെ മുഖം തിരസ്കൃതമായിക്കൊണ്ടേയിരിക്കും
വെറുതെ തരാമെന്ന വഴിവാണിഭക്കാരന്‍റെ
വാഗ്ദാനത്തിനു മുന്നില്‍
ഒരു തെരുവുതെണ്ടി അതെടുത്താടും
നേരമിരുട്ടി
നഗരം ശൂന്യത എന്ന പേരില്‍
അവസാനത്തെ നാഴികമണിയുമടിക്കുന്നു
ഒഴിഞ്ഞ നിരത്തില്‍
ഒറ്റക്കാകാശം നോക്കുന്ന
എന്‍റെ മുഖം നീയെടുത്തണിയൂ
പാവകളിക്കു പോയ നിന്‍റെമ്മ
തിരികേ വരും മുന്‍പേ
സര്‍ക്കസ് കൂടാരത്തിലെ
പാറാവ്‌ കഴിഞ്ഞു
അന്ധനായ നിന്‍റെയച്ചന്‍
വീടണഞ്ഞ് കൂട്ടിലിട്ടു വളര്‍ത്തും
പച്ചതത്തയ്ക്ക് പനയോല
നല്‍കും മുന്‍പേ.

Monday, February 16, 2015

കവിത എന്ന കയര്‍ നടത്തക്കാരിയുടെ ജീവിതം ഭാരത പ്പുഴയുടെ അപ്രോം ഇപ്രോം


ഞങ്ങള്‍ ചെല്ലുമ്പോള്‍
പുഴവക്കിലെ വെള്ളരിത്തോട്ടം
നനക്കുകയായിരുന്നു കവിത
അവള്‍ക്കിപ്പോള്‍ വയസേറെയായി,
പണ്ട് കുറ്റിപ്പുറം പാലം വരുന്നതിനു മുമ്പാണ്
അവള്‍ പുഴയ്ക്കു കുറുകെ കയറു കെട്ടി നടന്നിരുന്നത്.
വൃത്തത്തിലല്ല, നേരേ.
അന്നവള്‍ കയറില്‍ നടന്നു
നീങ്ങുമ്പോള്‍ പുഴവക്കിലെ
ആല്‍ ചുവട്ടിലിരുന്നൊരു
വട്ടന്‍ വിളിച്ചു പറയുമായിരുന്നു
" നിന്‍റെയീ അഭ്യാസം കൊണ്ടു നീ രണ്ടായ്
മുറിക്കുന്നതൊരു പുഴയെ ആണ്.
കയറു കൊണ്ടും കല്ലുകൊണ്ടും പുഴ മുറിക്കുന്നവരേ...
'മണല്‍ക്കാല'മെന്നത് വരാനിരിക്കുന്നേയുള്ളൂ
'കാടെവിടെ മക്കളേ മേടെവിടെ മക്കളേ'
എന്നൊക്കെ അന്ന് ഇലകള്‍ പൊഴിയും"
മരിച്ചു പോയവരോ അവരവരെത്തന്നെ
മറവുചെയ്യുന്ന കാലം കൊണ്ടൊരു പാലം
തീര്‍ക്കുകയായിരുന്നു
മുറ്റത്തെ പുളി മരത്തില്‍
എഴുത്തച്ഛന്‍റെ കിളി,പാട്ടോ
പാട്ടൊന്നുമല്ല, ചുമ്മാ ചിലക്കുവാ.
അപ്പോള്‍,പലതരം നാടന്‍ പാട്ടുകളെ
ബോഗികളാക്കി
വടക്കുനിന്നും തെക്കോട്ടു പായുന്നൊരു തീവണ്ടി
മഴവില്ലുപോലെ പുഴക്കുകുറുകെ ആടുന്നു
കവിത വീണ്ടും ചെറുപ്പക്കാരിയായി
കെട്ടിയ വടത്തിന്‍മേല്‍ നടപ്പു തുടരുന്നു
അവള്‍  ഭാരത പ്പുഴയിലേക്ക്
നോക്കുന്നു പോലുമില്ല 

Friday, February 13, 2015

പ്രസവങ്ങളുടെ സംക്ഷിപ്ത ചരിത്രം

1-പശുവിന്‍റെ മരണം

തൊഴുത്തില്‍ നിറ വയറുമായവള്‍
കരഞ്ഞു വിളിക്കുമ്പോള്‍
ഉത്തരത്തിലെ പല്ലി
ഒരു പൈക്കിടവിന്‍റെ
ജനനം കണ്ടൊന്നു ചിലച്ചു
ചലനമറ്റ കണ്ണുകളോടെ
മരണത്തിനും ജനനത്തിനുമിടയില്‍
പച്ചപ്പുല്‍ മേടുകളുടെ
ഒരു തണുപ്പ് പടരുന്നു
പല്ലിയൊരു  പ്രവാചകനെങ്കില്‍
പശു ആരുടെ ദൈവമാണ്?

2- ചിത്രശലഭങ്ങളുടെ  ഉച്ച

ചിത്രശലഭങ്ങള്‍ അവരവരുടെ
ശവപ്പെട്ടികളിലേക്കാണ് പിറന്നു
വീഴുന്നതെന്ന് തോന്നും മുന്‍പേ
ജീവനില്‍  മുഴുവനും
ആഹ്ലാദം ആഹ്ലാദം
എന്നു മാത്രം മുദ്രണം ചെയ്ത
ചിറകുകള്‍കൊണ്ട്
ആകാശങ്ങളെ അത്ഭുതങ്ങളുടെയൊരു
ദ്വീപാക്കുന്നു

3-Labor's Room

പണി കഴിഞ്ഞു വന്ന
നേപ്പാളി ലേബര്‍മാരുടെ മുറിയില്‍
ഒരു പൂച്ച പ്രസവിക്കുന്നു
പത്ത് തിളങ്ങുന്ന
കണ്ണുകള്‍ക്കിടയില്‍
ഒരമ്മ ചിരിച്ചു കിടക്കുന്നു
ബീം ബഹദൂര്‍,നീ
ചുട്ട മീനിന്‍ മണംകൊണ്ട്
ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന
കെട്ടിടങ്ങളുടെ മുകളിലെ
പൊരിവെയിലില്‍
തണലിന്‍റെയൊരു
നിഴല്‍ പരക്കുന്നു
ഒരു നായ് അറബിയില്‍ കുരയ്ക്കുന്നുണ്ട്
'യാ അള്ളാ  സുറ്അ   സുറ്അ' *

 * വേഗം വേഗം എന്നര്‍ത്ഥം 

4-തസ്രക്ക്

ഒരു കരിമ്പനച്ചുവട്ടില്‍
അണലി പെറ്റുകൂട്ടുന്ന
ആയിരക്കണക്കിന് വിഹ്വലതകളില്‍
ചിലതുമാത്രം ജീവന്‍ വെച്ച്
ഞാറ്റുപുരയില്‍
അഭയം തേടുന്നു
ഒരാള്‍ മാത്രം
കൂമന്‍കാവില്‍
വണ്ടി കാത്തുനില്‍ക്കുമ്പോള്‍
അയാളുടെ കാലരികിലൂടെ
'ദംശനം' എന്ന പേരിലറിയപ്പെടുന്ന
തീവണ്ടി കടന്നുപോകുന്നു
പുതുനഗരത്ത് എവിടെയാണ് തീവണ്ടിയാപ്പീസ്?

5- മറിയം സഹോദരിമാര്‍

ദൈവപുത്രന്‍റെ അമ്മയെ
ഒരു മഞ്ഞുകാല രാത്രി
പ്രസവിച്ചിടുമ്പോള്‍
അഥവാ കന്യാമറിയത്തിന്‍റെ
കൂടെപ്പിറന്ന മഗ്ദ്ധലനമറിയം
ദൈവപുത്രന്‍റെ കാമുകി
ആകുന്നതെങ്ങനെ എന്നു
ചിന്തിച്ചിരിക്കുമ്പോള്‍
കന്യക ഗണിക എന്നീ
സംജ്ഞകളെ മറിയം എന്ന പേര്‍
വന്നു വിഴുങ്ങുന്നു
മറിയമേ നീയൊരു
മറിമായമാകുന്നു
പാപം ചെയ്യാത്ത കല്ലുകളെപ്പോലെ

6-Perfume: The Story of a Murderer(film)

ചത്ത മീനുകളുടെ കണ്ണുകളില്‍
കടലാര്‍ത്തിരംമ്പുന്ന   നേരം
മീന്‍ വില്പ്പനക്കാരീ
നിന്‍റെ ഗര്‍ഭത്തില്‍നിന്നും
സുഗന്ധവ്യഞ്ജനങ്ങളുടെ
രാജാവ് പിറക്കും
കടലടിത്തട്ടിലെ അഞ്ജാതങ്ങളായ
മത്സ്യങ്ങളുടെ കൊഴുപ്പില്‍നിന്നും
പച്ചക്കറി മാത്രം തിന്നു
ശീലിച്ച ഭരണകൂടങ്ങളുടെ
മട്ടുപ്പവുകളിലേക്ക്
സുഗന്ധത്തിന്‍റെയൊരു പുകപ്പതാക
കടത്തിവിടും
മിണ്ടാതിരിക്കുന്നവന്‍ ചത്തവന്‍ പോലുമല്ല
നിങ്ങള്‍ എന്തിനാണ് എന്‍റെ ദൈവത്തെ തിന്നുന്നത് ?

7-അലഞ്ഞു തിരിയുന്നവന്‍ വീടാകുന്നു

അലഞ്ഞു തിരിയുന്നവന്‍റെ ബീജം
വന്‍കരകള്‍ക്കു കുറുകെ ആര്‍ക്കും
വഴി കാട്ടാത്ത ഒരു നക്ഷത്രമാകും
അത് വിശുദ്ധമായ ഗര്‍ഭപാത്രങ്ങളെ
സ്വപ്നം കാണുന്നുമില്ല
ഓരോ വീടുകളില്‍നിന്നും 
തങ്ങളുടെ വിദൂര സഞ്ചാരങ്ങള്‍ക്കുപോയ
മക്കളെക്കാത്തിരിക്കുന്ന  ആ അമ്മമാരുണ്ടല്ലോ
അവരൊന്നറിയണം
അലഞ്ഞു തിരിയുന്നവര്‍ സ്വയം
വീടുകളാണ്
അവരുടെ സ്മരണക്കു പേരുപോലും
അമ്മ, ഉമ്മ എന്നൊക്കെത്തന്നെയാവണം

8- അടയുന്ന കടല്‍, തുറക്കുന്ന കടല്‍*

ഇടവപ്പാതിയടച്ചിട്ട കടല്‍
ആര്‍ത്തു പെയ്യുന്നൂ മഴക്കാടുകള്‍
എണ്ണിയാലൊടുങ്ങാത്ത
ആഴാങ്ങളിലാകെ വേഗത്തിന്‍റെ
പ്രധിഷേധ രൂപകങ്ങളെന്നപോലെ
മത്തി, ചെറുമീനുകള്‍
കടല്‍പശുവടക്കം മറ്റനേകം കടല്‍ജീവികളും 
ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങളെ
പ്രസവിച്ചുകൂട്ടുമ്പോള്‍
കടല്‍ കവാടത്തിനരികെ
ദ്രവിച്ച സിംഹാസനത്തിന്‍റെ
കാലുകളെ നനച്ച്
മറ്റൊരു കടല്‍ തുറക്കും
ചെറുത്  ചിലപ്പോഴൊക്കെ
അത്ര ചെറുതാകണമെന്നില്ല.

* വിജയന്‍ മാഷുടെ അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍ എന്ന പുസ്തകത്തെ സ്മരിക്കുന്നു

Wednesday, February 11, 2015

വൃദ്ധനുള്ള പ്രണയലേഖനങ്ങള്‍*


ഒരിടത്ത് ഏറിയ സമയവും തന്‍റെ കിടക്കയില്‍ ചിലവഴിച്ച ഏകാകിയായ ഒരു വൃദ്ധനുണ്ടായിരുന്നു അങ്ങേര്‍ രഹസ്യമായി  വീട്ടിലെന്തോ നിധി ഒളിപ്പിച്ചുവെച്ചിരുന്നതായി ചില അടക്കം പറച്ചിലുകളൊക്കെ ഉണ്ടായിരുന്നു.
ഒരു ദിവസം കള്ളന്മാര്‍ അകത്തുകടന്ന് വീട് മുഴുവന്‍ പരതി നിലവറയില്‍ സൂക്ഷിച്ചിരുന്ന വലിയ ഒരു പെട്ടി കണ്ടെത്തി. അവരത് എടുത്തു കൊണ്ടുപോയി തുറന്നു നോക്കിപ്പോള്‍ കണ്ടത് നിറയെ എഴുത്തുകളായിരുന്നു
ആ വൃദ്ധന്‍ തന്‍റെ സുദീര്‍ഘമായ ജീവിത കാലത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍
സ്വീകരിച്ച പ്രണയ ലേഖനങ്ങളായിരുന്നു അവ. കള്ളന്മാര്‍ അത് കത്തിച്ചു
കളയാനുള്ള പരിപാടിയായിരുന്നു എന്നാല്‍ ഒരു കൂടിയാലോചനക്ക് ശേഷം അവരത് തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. ഓരോന്ന്‍ ഓരോന്നായി.ആഴ്ചയില്‍ ഒന്ന്‍ എന്ന വിധം അതിനു ശേഷം, എല്ലാ തിങ്കളാഴ്ചയും ഉച്ചക്ക് വൃദ്ധന്‍ പോസ്റ്റ്മാന്‍  പ്രത്യക്ഷപ്പെടുന്നതും കാത്തിരിപ്പായി പോസ്റ്റ്മാനെ കാണുംമ്പോഴെക്കും അയാള്‍ ഓടിയടുക്കും
ഇതെല്ലാം അറിയുന്ന പോസ്റ്റ്മാനോ വൃദ്ധനുള്ള എഴുത്ത് കയ്യില്‍
ഉയര്‍ത്തിപ്പിടിക്കും. ഒരു പെണ്ണിന്‍റെ കയ്യില്‍നിന്നും പ്രണയലേഖനം സ്വീകരിക്കുന്നതിലെ ഉന്മാദം നിറഞ്ഞ സന്തോഷത്തില്‍ ആ ഹൃദയയം മിടിക്കുന്നത് സെയിന്‍റ് പീറ്റര്‍ക്ക് പോലും കേള്‍ക്കാവുന്നതായിരുന്നു. 

* Eduardo Galeano യുടെ ആലിംഗനങ്ങളുടെ പുസ്തകം എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു കഥ