Saturday, July 19, 2014

ഒട്ടകത്തിന്‍റെ, ചുവന്ന മരുഭൂമിയുടെയും

ഒട്ടകത്തിന്‍റെ ഫോസിലുകള്‍ക്കൊപ്പം
മരുഭൂമിയുടെ
കാലപ്പഴക്കം അത്രതന്നെയില്ലാത്ത
ഫോസിലുകളും
വില്‍ക്കുന്ന ഒരു തെരുവ്
പൊന്നാനിയില്‍ ഉണ്ടാകണം.

എന്തായാലും അവിടെ,
കടലിനരികെ, കാറ്റാടിമരങ്ങള്‍ക്കുചാരെ,
മക്കയില്‍നിന്നുവന്ന ഒരു
ചെറുപ്പക്കാരനെ നിങ്ങളെപോലെ
എനിക്കും കാണാം.

അയാളുടെ ഇടത്തെ കയ്യില്‍
പുറമേക്ക് കാണും വിധം
പിടിച്ചിട്ടുള്ള വടക്കുനോക്കിയന്ത്രം
എന്നെപ്പോലെ നിങ്ങളും
കാണുന്നില്ലയെങ്കിലും
വലതുകയ്യില്‍ പിന്നിലേക്ക്‌
ഒളിച്ചുപിടിച്ച
പതാകയിലെ
രണ്ടു വാളുകള്‍ എന്നെപ്പോലെ
നിങ്ങളും കണ്ടുരസിക്കുകയാണ്.

പെടുന്നനെ, ശശികല
ടീച്ചറുടെ കാര്‍
താനൂരിലെ
പൊതുയോഗത്തിലേക്ക്
ജങ്കാര്‍ വഴി കടന്നുപോകുന്നു.

ഏകദേശം ഇതേ നേരത്ത്,
തൃക്കാവിലെ ഒരിടവഴിയിലൂടെ
ഉപ്പിലിട്ട നെല്ലിക്കയും, ഭാര്യക്കുള്ള
ഇന്‍ഷേപ്പും വാങ്ങി
വീട്ടിലേക്കു സമാധാനത്തോടെ
നടന്നുപോകുന്ന
സഖാവ് അലവിയുടെ
സ്മാര്‍ട്ട്‌ഫോണില്‍
മൂന്നാമത്തെ പ്രാവശ്യവും
കോഴികൂവി.

ഒറ്റുകാരുടെ ഇരയായി മാത്രം
ജീവിതം തള്ളിനീക്കിയ
ഒരു പാവം പാമ്പ്‌,
ചോരവാര്‍ന്നൊലിക്കുന്ന
ഉടലുമായി ജീസസ്
അച്ചായന്റെ
വേലിയുംതാണ്ടി
കമ്മ്യൂണിസ്റ്റ്പച്ച-
പടര്‍പ്പുകളിലെവിടെക്കോ
എവിടേക്കോ...
എവിടേക്കോ...

No comments:

Post a Comment