Saturday, July 19, 2014

കൂട്: ഫ്ലാറ്റ് നംബര്‍ 801

ചുരുട്ടിമടക്കി എന്നെത്തന്നെ 
ജനലിനപ്പുറത്തേക്കു വലിച്ചെറിഞ്ഞു 
ഒന്നല്ല പല തവണ 

തിരിച്ചുവന്നു
എട്ടാംനിലയിലെ നിന്‍റെ
മുറിയിലേക്കുതന്നെ നിവര്‍ന്നു മലര്‍ന്ന്‍

എനിക്കുമാത്രം മനസിലാകാത്ത
നിന്‍റെയീ വിചിത്രലിപിയിലെന്താണ്
കിടപ്പറമുഴുവന്‍ എഴുതിവെച്ചിരിക്കുന്നത്

അല്ലെങ്കില്‍ത്തന്നെ
എന്തിനാണിത്രയും വെള്ളമുയലുകളെ
കുളിമുറിയിലും അടുക്കളയിലും
ഒളിച്ചു വളര്ത്തുന്നത്

രണ്ടു പൂച്ചകള്‍ക്ക് സ്വപ്നംകാണാന്‍
ഇത്രയും മീനുകളെ
തുടകളില്‍ പച്ചകുത്തിയതെന്തിനെന്ന്
കൊറ്റികള്‍ നിന്നെ
വിചാരണ ചെയ്യുന്ന
ദിനം അകലെയേ അല്ല

വെറുതെയല്ല
നിന്‍റെ സ്വപ്നങ്ങളില്‍
ഒറ്റ ദേശാടനപ്പക്ഷിപോലും
പറന്നിറങ്ങാത്തത്

എനിക്ക്
കാട്ടിലേക്ക് പോകണം
മയിലുകളോടോത്ത് നൃത്തം ചെയ്യണം
മാനുകളോടോത്ത് അരുവിയിലെ
വെള്ളം കുടിക്കണം
പുള്ളിപുലികളെ കെട്ടിപ്പിടിക്കണം
കാട്ടുവള്ളികളിലാടി
മഴയിലുറക്കെ പാടണം
കാട്ടുതേന്‍ കുടിക്കും
കരടിയുടെ മടിയില്‍
തലവെച്ചുറങ്ങണം
ഒടുവിലൊരു ഗുഹാമനുഷ്യന്‍റെ
ഫോസിലുകള്‍ക്കിടയില്‍
മരിക്കാതെ കിടക്കണം
അനശ്വരതയിലേക്ക് കണ്ണുംനട്ട്

No comments:

Post a Comment