Monday, April 13, 2015

മീന്‍വേട്ട

നദിക്കരയിലൊരു
ജ്ഞാനിയിരിപ്പുണ്ട്,
ഇലകളാടുന്ന മരച്ചുവട്ടില്‍
വെറുതെയെങ്ങോട്ടോ നോക്കിയിരിക്കുന്നു.  
“ഞാന്‍ എന്‍റെ തന്നെ മകളാണ്”
എന്ന്‍ നദിക്കരയിലെഴുതിവെച്ചിട്ട്
കുളിച്ചു കയറി വരുംമ്പോള്‍
നനഞ്ഞ കാലുകള്‍കൊണ്ടത്
മായ്ച്ചു കളഞ്ഞ്“വെളിച്ചവും വെള്ളവും
തമ്മിലെന്ത് ” എന്നാക്കും.
ഒരു തോണിക്കാരന്‍
അകലയങ്ങനെ തുഴഞ്ഞു പോകുന്നത്
കാണുമ്പോള്‍ ഊറി ച്ചിരിക്കും
എന്നിട്ട് മീനുകളുടെ
അപാരമായ രഹസ്യ സഞ്ചാരങ്ങളുടെ
ആഴാങ്ങളെ നോക്കി ഉറക്കെപ്പറയും
“അല്ലെയോ  മീന്‍ പറ്റങ്ങളെ,  
അസാധാരണമാം യാത്രികരേ,
ജന്മവാസനകളുടെ കാറ്റേറ്റ് 
നിങ്ങള്‍ ഉപേക്ഷിച്ചു പോകുന്ന
വഴികളിലൂടെ ഞാനൊരു
യാത്ര നടത്തുകയാണെന്നു വെക്കൂ,
ഒരൊറ്റ രാത്രി കൊണ്ടു ഞാന്‍
ആയിരം  ജലജന്മങ്ങളുടെ
അനുഭവമായിത്തീരും,
വലകളും ചൂണ്ടകളും 
മുലകളും ചുണ്ടുകളുമെന്നപോലെ
എനിക്കു മുകളിലൊരു
ഭയത്തിന്‍റെയിരുള്‍ തീര്‍ക്കുമെങ്കിലും.
നിങ്ങള്‍ക്കറിയുമോ
എന്‍റെ ശരീരത്തിനുള്ളിലൂടെയും
ജീവന്‍റെ ലോഹലായനിയെന്നപോലെ
ചുവന്ന ഒരു നദി പായുന്നുണ്ട്
അതിലാണ് ഞാനെന്‍റെ  
സ്മരണയിലെ തുടുത്ത
വെണ്ണീര്‍ നിറമുള്ള
മീനുകളെ വളര്‍ത്തുന്നത്.
മകള്‍ എന്നു പേരുള്ള
ഒരു മീനുണ്ടതില്‍,
മറവിയുടെ അഴിമുഖം വരെപ്പോയി
വീണ്ടും വീണ്ടും മടങ്ങിവന്ന്
എന്‍റെ ആഴത്തില്‍ വന്നു മുട്ടിപ്പറയും
“നിങ്ങള്‍ ആരോ മറന്നുവെച്ചുപോയ
വഴുക്കും രാത്രിയുടെ പിടയ്ക്കും  
മീന്‍ മാത്രമാണ്,നിങ്ങള്‍
വിഴുങ്ങിയ മീന്‍ ആണ് ഞാന്‍, ഞാന്‍
വിഴുങ്ങിയ മീനാണെന്‍റെ അമ്മ,
മീനുകള്‍ മീനുകളെത്തന്നെ വിഴുങ്ങുന്ന
ജീവ രഹസ്യങ്ങള്‍  കൊണ്ടല്ലേ
നാം നമ്മുടെ വംശം ചരിത്രമെഴുതുന്നത് ”
നദിയിലേക്ക് വറ്റിപ്പോകുന്ന പകല്‍
ജ്ഞാനിയുടെ നിഴലുകൊണ്ട്
ഒരുഗ്രന്‍ മീനിനെ ജലോപരിതലത്തില്‍
വരച്ചതും അതാ ഒരു പറ്റം
മീനുകള്‍ വന്നതില്‍ പുളച്ചു പായുന്നു.
പെടുന്നനെ ജ്ഞാനി വലയെറിയുന്നു.
കിഴക്കോട്ടു നീളുന്ന
ഒറ്റയടിപ്പാതയിലൂടെ
നടന്നകലുകലുകയാണയാള്‍ 
അകലെനിന്നും ഒരു കുടില്‍  
ഉദിച്ചുയരുന്നതും   
കയ്യിലെ ഒതുക്കിപിടിച്ച വലയില്‍
പിടഞു മറിയുന്ന മീനുകളുടെ 
തിളങ്ങും അനക്കങ്ങളും നാം കണ്ടുകൊണ്ടിരിക്കേ
ബോധോദയം പോലെ 
ആകാശം ഇരുണ്ടില്ലാതെയാകുന്നു. 

Saturday, April 11, 2015

Fear Filled


Under my fear-filled
brook which flows down
from the memories
of an old mirror,
I knocked at your
door as an
attempt to provoke
your bed and
dreams with white rabbits
and few, but charming ,doves.
Russell’s wiper
slept in tranquility
in your courtyard
as a sign of melting love
and passionate
days and night in our
bedroom garden.
still, you kept dreaming
under the pale petals of
a giant yellow flower  
without noticing
the inferno of lust and
a shadow of swan
together waiting
at your door
as a melting mask of self.

Thursday, April 9, 2015

നൊസ്റ്റാള്‍ജിയോഗ്രഫി

രണ്ടു കുട്ടികള്‍
സ്കൂളുവിട്ടുമടങ്ങുന്ന
സ്മരണകളിലെവിടെയോ
ഇടവഴിയിലെവിടെയോ
കരിയിലകളിലെവിടെയോ
ഇഴഞ്ഞുനീങ്ങും
നിഴലുകളിലെവിടെയോ
അഴിച്ചെറിഞ്ഞ
അസ്വസ്ഥത
പോലെയൊരു
പാമ്പിന്‍ വഴുക്കുമുടല്‍
വെയില്‍ കായുന്നതും കണ്ടൊരു
മുരിക്കിന്‍ കൊമ്പിലിരിക്കും
മയിലിനു മുകളില്‍
മഴക്കോളിന്‍
വിഷാദത്തിലേക്കിരുണ്ടിരുണ്ട്
പോകുമാകാശമാണ് ഞാന്‍