Saturday, July 19, 2014

അപരിചിതരുടെ മാതൃരാജ്യം

പന്തലായനി തുറമുഖത്ത് സെദോം എന്ന
കപ്പല്‍ നാലായിരം വര്‍ഷമായി
നിങ്ങളെയും കാത്തു കിടപ്പുണ്ട്.
അപരിചിതരുടെ മാതൃരാജ്യമായ
ബെര്‍ഷബയിലേക്ക് പുറപ്പെട്ട് പോകാന്‍

കടല്‍ എത്ര തന്നെ പ്രക്ഷുബ്ധമായാലും
നിന്‍റെ മാംസത്തില്‍ നിത്യമായ് അടയാളം
രേഖപ്പെടുത്തിയ യഹോവ തന്നെ നിനക്കു
കൂട്ടാവും. കടലടിത്തട്ടില്‍ യോനയെ വിഴുങ്ങിയ
അതേ മത്സ്യം തന്നെ നിന്റെ ഉദരത്തില്‍
മറ്റൊരു കൊടുംകാറ്റിനു കോപ്പു കൂട്ടും
അതു മാത്രം സൂക്ഷിക്കുക,
ഭയപ്പെടായ്ക.

കടല്‍ ഒരു മരുഭൂമിയാണെന്നുള്ള
പൂര്‍വകാല സംശയത്തെ ആവോളം
ബലപ്പെടുത്തൂ. അറ്റമില്ലാതെ കിടക്കുന്ന
നാവികന്മാരുടെ ശവകുടീരങ്ങളില്‍
ചെന്നര്‍പ്പിക്കുക ചെമ്പനിനീര്‍ പൂവുകള്‍.
വഴിക്കെങ്ങാനും കടല്‍ വീണ്ടും പിളര്‍ന്നാല്‍
കണ്ടുമുട്ടും നീയൊരുത്തനെ,
മോവാബിലെ ഗുഹയിലേക്ക് പണ്ടെങ്ങോ
അപ്രത്യക്ഷനായ നിന്‍പിതാമഹനെ.

നാല്‍പ്പതു രാപ്പകലുകള്‍ നീ കടല്‍യാത്ര
പിന്നിടുമ്പോള്‍  വരും ഒരമ്പലപ്രാവ്
നിന്‍റെ അണിയത്തില്‍, ഒലീവിലയുമായല്ല,
വയലില്‍ നിന്‍റെ സഹോദരന്‍തന്നെ
പണ്ടെങ്ങോ കൊന്നു തള്ളിയ
മറ്റേ സഹോദരന്‍റെ രക്തമുണങ്ങാത്ത
മുടിയും ഗോതമ്പുകതിരുമായ്


 അനന്തരം, ഉടലില്‍ വ്രണങ്ങളും കടലില്‍
വന്‍സ്രാവുകളും നിന്നെ വേട്ടയാടുക തന്നെ ചെയ്യും.
എങ്കിലും മലങ്കാക്കകള്‍ നിന്‍റെ തണലിനായ്
ചിറകു വിരിക്കെ ബില്‍ദാദ് നിന്‍റെ
മുറിവുകളില്‍ സാന്ത്വനത്തിന്‍റെ ചുംബനങ്ങള്‍
തരും, യഹോവയെ പരിഹസിക്കുമാറു.

ഇപ്പോള്‍ നിങ്ങള്‍ രണ്ടായിരം വര്‍ഷം
പിറകിലോട്ടു യാത്ര ചെയ്ത്‌ നിങ്ങളുടെ
ലക്ഷ്യത്തിന്‍റെ പകുതി പിന്നിട്ട്
മണല്‍നഗരത്തിലെ ഒരു തുറമുഖത്ത്
നങ്കൂരമിട്ടത് ഒട്ടകങ്ങള്‍ തലയാട്ടി
തലയാട്ടി സ്വാഗതം ചെയ്യട്ടെ.
അന്നാട്ടുകാര്‍ ഒട്ടകരോമം കൊണ്ടുള്ള
വസ്ത്രവും അരയില്‍ തോല്‍വാറും
ധരിച്ചിരുന്നു, വെട്ടുകിളിയും
കാട്ടുതേനുമായിരുന്നു അവരുടെ ഭക്ഷണം.
മാനസാന്തരം തന്നെയായിരുന്നു അവരുടെ കൊടി.

മുപ്പത്തിമൂന്നു സംവത്സരങ്ങള്‍ മൂന്നുദിവസം
പോലെ കടന്നുപോകും, തീര്‍ച്ച. അങ്ങനെ നീ
അവിടം വിട്ടുപോരാനൊരുങ്ങുന്ന ഒരു
ശരത്കാലരാവില്‍ നിന്‍റെ  മാംസവും രക്തവും
അപ്പവും വീഞ്ഞുമായ് ഒരത്താഴമേശയില്‍
നീ അന്നാട്ടുകാര്‍ക്ക്തന്നെ പങ്കുവെക്കും.
ഇക്കാലമത്രയും നീ രഹസ്യമാക്കിവെച്ച
നിന്‍റെതന്നെ അപര ജീവിതം നിന്നെ
വിചാരണ ചെയ്യാന്‍ ആരംഭിക്കുകയായി…
“ഏലീ, ഏലീ, ല്മ, സബ്ക്താനി,
എന്‍റെ ദൈവമേ, എന്നെ നീ കൈവിട്ടതെന്ത് *

*മത്തായി 27-46


No comments:

Post a Comment