Saturday, July 19, 2014

വാന്ഗോ്ഖ്: നീയിപ്പൊഴും കത്തുംസൂര്യനാണ്‌

വേനല്‍ ഉണക്കി നിവർത്തിയിട്ട
വയല്‍ വരമ്പിലൂടെ പടിഞ്ഞാട്ട്നടന്നു 
കത്തുന്ന സുര്യനുതാഴെ
വട്ടമിടും പരുന്തുകൾക്ക് താഴെ
അങ്ങിങ്ങ് സൈപ്രസ് മരങ്ങള്‍
ആടിയാടിയുലയുന്ന കാറ്റില്‍
വൈക്കോൽ മണംനിറച്ച ഓർമ്മകൾ
പഴുത്ത കാലുകള്‍
ആടുകള്‍ക്കും മാടുകള്‍കള്‍ക്കുമിടയില്‍
അലഞ്ഞുതിരിയുമ്പോള്‍
ഗോതമ്പ് വയലിലെ
കാക്കകള്‍ തലക്കുള്ളില്‍
ആര്‍ത്തുവിളിച്ചു
ബെല്‍ജിയത്തിലെ കല്‍ക്കരി
ഖനികളിൽ നിന്നും
പരാജയപ്പെട്ട സുവിശേഷകന്‍
ചൂളംവിളിച്ചു
വെയിലിന്‍റെ പ്രവാചകനാണ്‌ ഞാന്‍
എന്‍റെ തലക്കുള്ളില്‍
കത്തുന്ന ഇതളൂകളുള്ള
സൂര്യകാന്തിപ്പുവുകള്‍
വിരിഞ്ഞു നിൽക്കുന്നത്
പ്രിയപ്പെട്ട തിയോ*
നിന്‍റെ രക്തത്തെ
ഊറ്റിയെടുത്താണല്ലോ, മാപ്പ്
ആ കുളത്തില്‍
പായല്മൂടിയ ജലത്തിലെ
തണുപ്പിലേക്കെന്‍റെ വരണ്ട
ജീവിതം ആണ്ടുപോകുന്നതും
കണ്ടുഞാന്‍ രസിക്കും
ഉരുളക്കിഴങ്ങുപോലെ
തിന്നുരസിക്കെന്നെ
ചെറുമീന്‍ പറ്റങ്ങളേ
പാലത്തിനുകീഴെ
വസ്ത്രമലക്കിക്കൊണ്ടിരിക്കുന്ന
നാട്ടിന്പുറത്തുകാരി പെണ്ണുങ്ങളെ
എന്നെയൊന്നു പ്രണയിച്ചുകൂടെ
നിങ്ങളില്ലാതെ എന്തിനാണെനിക്ക്
നക്ഷത്രഭരിതമായ രാത്രികള്‍
നക്ഷത്ത്രങ്ങളെ തല്ലിക്കെടുത്തിയെന്നെ
ഇരുട്ടിൽ പൂഴ്ത്തിവെക്കായ്ക
പ്രണയിക്കുകയെന്നെ
ഞാനിത്തിരി ജീവിക്കട്ടെ
എന്‍റെ ചെവിക്കുള്ളില്‍ മാത്രമെന്തേ
നഗരങ്ങളും തീവണ്ടികളും
ഇങ്ങനെ ഇരമ്പിയാർക്കുന്നത്
ഹാ..എന്‍റെ ഗോതമ്പ് വയലില്‍
മാത്രമെന്തേ ഇത്രയും കാക്കകള്‍
വയലുകളുടെ കാവൽക്കാര
ആ തോക്കൊന്നുതരൂ
എന്‍റെ ജീവന്‍റെ മഞ്ഞ
വയലുകളിലേക്ക് പറന്നിറങ്ങുന്ന
കറുത്തകാക്കകളെ ഞാനൊന്ന്
ആട്ടിപ്പായിച്ചോട്ടെ
ഒരൊറ്റ വെടിക്ക് ഞാനീ
വയലുകളിലൊരു ചുവപ്പുനിറമായ്‌
ജീവിതാസക്തിയുടെ ഭ്രാന്തന്‍
ചിത്രംവരപ്പുകാരനായ്
ജ്വലിച്ചുകൊണ്ടേയിരിക്കും
വാന്ഗോ്ഖ്
നീയിപ്പൊഴും കത്തുംസൂര്യനാണ്‌.

2 comments:

  1. നീയിപ്പൊഴും കത്തുംസൂര്യനാണ്‌

    ReplyDelete