Saturday, July 19, 2014

പള്ളിയാഴ്ച്ചദുഃഖം

മൊബൈലില്‍
കൊല്ലം ഷാഫിയുടെ,
അതോ കണ്ണൂര്‍
ആബിദിന്‍റെയോ
അരിപ്പൊ തിരിപ്പോ
പാട്ടുംവേച്ച്   
കുളക്കടവിലിരുന്നു
മാപ്ലടെ ജെട്ടി
അലക്കുകയായിരുന്നു
സെബിയ.
അപ്പോള്‍,
മലക്കുപോകാന്‍
മാലയിട്ട സുബ്രന്‍റെ
ഭാര്യ തലക്കുമുകളില്‍
കൂട്ടുകുടുംബത്തിന്‍റെ
മുഴുവന്‍ അലക്കു
തുണിയുമായ്‌
വന്നിറങ്ങി.

ഒരു മതസൗഹാര്‍ദം
ആയിക്കോട്ടെ എന്നുകരുതി
പാറമേല്‍
വറീതിന്‍റെ മകള്‍
ലിസയെ ഞാന്‍ തിരക്കി.
കന്യാസ്ത്രീ മടത്തിലെ
പൊട്ടകിണറ്റില്‍
അവള്‍ മരിച്ചു
പൊന്തിയത്
ഞാന്‍ അറിഞ്ഞില്ലായിരുന്നു.

ഇപ്പോള്‍ ജുമാക്ക്
ഖുതുബ തുടങ്ങിയത്
തട്ടിന്മുകളിലിരുന്നു
കുളിസീന്‍ കാണുന്ന
എനിക്ക് കേള്‍ക്കാം.
അത്തറുപൂശി
വെളുത്തകുപ്പായവുമിട്ട്
എന്‍റെ പറമ്പിലൂടെ
കൊരട്ടിക്കര
ജുമാമസ്ജിദിലേക്ക്
ഓടുന്ന ഹസന്‍,
സെബിയാന്‍റെ മാപ്ല.
ജുമ മിസ്സാവരുതല്ലോ.

മണികണ്ടെശ്വരം
അംബലക്കുളത്തിലേക്ക്
സൈക്കിളില്‍ പോന്നെത്തെ
പറമ്പിലൂടെ സുബ്രസാമി,
കുപ്പായമിടാതെ.

വടക്കേലെ
ഹാജിയാരുടെ പറമ്പില്‍
നട്ടുച്ചവെയിലിലും 
വറീതാപ്ല തേങ്ങ
പോളിച്ചുകൊണ്ടെയിരിക്കുന്നു.
മകള്‍ മണവാട്ടിയായതറിയാതെ,
ഇന്ന് ദുഃഖവെള്ളിയാഴ്ചയാണെന്ന്
പോലുമറിയാതെ.

പെട്ടന്ന് അടിയില്‍നിന്നും:
“ഡാ കുരുത്തം കെട്ടോനെ
പള്ളീല്‍ക്ക് പൊയ്ക്കൂടഡാ
ആനക്ക്,ഹറാംപെറന്നോനെ”
ദോഷം പറയരുതല്ലോ,

ദാറ്റ്‌ വാസ് മൈ മദര്‍.

No comments:

Post a Comment