Wednesday, July 30, 2014

വയല്‍ക്കരയിലിരിക്കെ




വയല്‍ക്കരയിലിരിക്കെ
പക്ഷികളെന്‍റെ തലയില്‍നിന്നും
അപ്പങ്ങള്‍ കൊത്തിപ്പറന്നകലുമ്പോള്‍
വളരെപ്പെട്ടെന്ന് ശൂന്യമായ
ഒരു കൊട്ടയാകുന്നു ഞാന്‍.

വയല്‍ പാറാവുകാരന്‍ ഹിച്ച്കോക്ക്
കടല്‍മീന്‍ പൊരിക്കുന്ന
അടുപ്പില്‍നിന്നും
ചുംബനം ചുംബനം എന്ന
കണക്കൊരു പൂച്ച കത്തിയാളുമ്പോള്‍
അങ്ങേരൊരു മൂലക്കിരുന്നു
കത്തിരാവുന്നു.

പ്പേ...നായിന്‍റെ മോനേ
ഇതാണോ കവിത, ഇതില്‍ രൂപകങ്ങള്‍
എവിടെ ഉപമകള്‍ എവിടെ
എന്നൊരു നിരൂപകന്‍
കിണറ്റില്‍ നിന്നും
വെള്ളംകോരി എന്‍റെ
തലയിലേക്കൊഴിച്ചതോടെ
ആടിനുകൊടുക്കാന്‍
ആലീസ് അരിഞ്ഞുവെച്ച
കൊട്ടയിലെ പുല്ലുമുഴുവന്‍
നനഞ്ഞുകുതിരുന്നു.

വയല്‍ വരമ്പിലൂടെയൊരുവള്‍
എന്‍റെ സഹോദരനെവിടെ എന്ന് 
വിലപിച്ചു പാഞ്ഞ്
നെല്ലി മരചുവട്ടില്‍ 
രക്തം പുരണ്ട അവന്‍റെ
മേലങ്കി കണ്ടെത്തിയേക്കാം. 

അവളുടെ പ്രാര്‍ത്ഥനകളില്‍
ഉരുകിയൊലിച്ച മെഴുകുതിരികളുടെ
പര്‍വ്വതങ്ങളില്‍നിന്നും
കുറുനരികളെത്തി
ആട്ടിന്‍പറ്റങ്ങളെ
തിന്നാതിരിക്കുമോ 
അത്രയ്ക്ക് നിഗൂഡമാണ്
ദൈവം വളര്‍ത്തുന്ന
ഗുഹകളും 
ഏഴു കൊഴുത്ത കാളകളും.

ഹിച്ച്കോക്ക് പക്ഷിയുടെ
കഴുത്തില്‍ കത്തി താഴ്ത്തുന്നതോടെ
ജോസഫ് നിന്‍റെ സ്വപ്നാപഗ്രഥനം
നിദ്രയുടെ ജയിലറയില്‍നിന്നും
ധാന്യപ്പുരയുടെ  കൊഴുത്ത 
ഏഴു കതിരുകളിലേക്കെന്നെ
മോചിപ്പിക്കുകയായി.

No comments:

Post a Comment