Saturday, July 19, 2014

കടലോരത്ത് ഒരു ബാലേട്ടന്‍

കടലോരത്ത്
അയാള്‍ നില്‍ക്കുമ്പോള്‍
കടലിനു പോലും
പ്രായം കുറവുപോലെ.

ചെറുമീനുകളായ
മത്തിക്കും അയിലക്കും
പിന്നാലെ പാഞ്ഞ്
ബാലേട്ടന് വയസ്സ്
69, സാന്റിയാഗോയുടെ
പ്രായമാവാം

വലിയ മീനുകളെ
ക്കുറിച്ച് അയാള്‍
കേട്ടിട്ടുപോലുമില്ല
ഒരിക്കല്‍
അരളി ഹുസൈന്‍
തിമിംഗലങ്ങളെ
ക്കുറിച്ചു ചോദിച്ചപ്പോള്‍
അത് ഒരു
സോവിയറ്റ് തുറമുഖത്തിന്റെ
പേരല്ലേ എന്ന് മൂപ്പന്‍!

ചാകരയില്‍ മയങ്ങിയ
ചെറുമീനുകളെ
ക്കുറിച്ചുപറയുമ്പോള്‍
ബാലേട്ടന്റെ
പല്ലുകള്‍ തിളങ്ങും
ചൂരക്കണ്ണിയുടെ
കണ്ണുകള്‍ പോലെ.


ഇത്തിരി വട്ടത്തിലെ കടല്‍
ചെറുമീനുകള്‍
രാത്രി വരുന്ന ചന്ദ്രവെളിച്ചം
അഷ്‌റഫ്‌, മമ്മത്ക്ക, പുല്‍മേടില്‍
സുഖം ജീവിതം

ഇത്ര വലുതായിട്ടും
ചെറുതായിരിക്കാനുള്ള
കടലിന്റെ പാടവം
നല്ലത് തന്നെ,
തീര്‍ച്ചയായും
കടലിനു നല്ല
ഒരു ഭാവിയുണ്ട്

ബാലേട്ടന്‍ വീണ്ടും
വലപ്പണിയില്‍
വ്യാപൃതനാണ്
നാളെ കാലത്ത്
പോകും കടലില്‍
മീന്‍ തേടി
സ്വപ്നങ്ങളുടെ
അരയന്നങ്ങളെത്തേടി
അങ്ങനെ
കടലോരത്ത്
ഒരു ബാലന്‍,
നഷ്ടലോകത്തിന്റെ
പുറംചട്ടകളില്‍

ഒരു കിഴവന്കടലും.

No comments:

Post a Comment