Saturday, July 19, 2014

താമരകളുടെ പ്രവാചകന്‍

സിദ്ധാര്‍ത്ഥന്‍, അവനു
ഇരുപത്തൊമ്പത് വയസ്സുള്ളപ്പോള്‍,
ശരീരത്തിന്‍റെയും ആശകളുടെയും
കൊട്ടാരത്തില്‍ രാജാവായിരിക്കുമ്പോള്‍
മനുഷ്യന്‍റെ ഏകാന്തതയെക്കുറിച്ച്,
തീവ്രദുഃഖങ്ങളുടെ  ഉറവിടത്തെകുറിച്ച്
ചിന്തിച്ചുകൊണ്ടിരിക്കവേ
അവന്‍റെ നിഴലില്‍
ഒരു യാചകനെ കണ്ടു.
ദുഖങ്ങളുടെ ഉല്പത്തിതേടിയിറങ്ങിയ
മനുഷ്യയാത്രയുടെ തുടക്കം.

പിന്നെ കെട്ടിയവള്‍ ഒരു കൊടുങ്കാറ്റ്
കിടപ്പറയിലെ മൂട്ടകള്‍
മകന്‍റെ പിന്‍വിളി
പ്രലോഭനങ്ങളുടെ സ്വര്‍ണക്കുതിരകള്‍.
പക്ഷെ,ദൈവം എപ്പോഴും
അവഗണിച്ചുകൊണ്ടേയിരുന്നു.

ബോധിവൃക്ഷത്തണല്‍.
ബോധം ധ്യാനത്തിലേക്ക്
ഇലകള്‍ പൊഴിക്കുന്നു
ഭൂമിയുടെ ആഴത്തിലെവിടെയോ
ഉറങ്ങിക്കിടന്ന ഒരരുവി
ഉണരുകയായി...

ജ്ഞാനോദയം!
ജ്ഞാനോദയം!
ജ്ഞാനോദയം!

“ആടിന്‍ വിരുന്ന്‍”
കയ്കുടന്നനിറയെ പാല്‍
“ആശയാണ് എല്ലാ ക്ലേശത്തിനും ഹേതു”

പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു,
കുഷിനഗറിലെ ഒരു പുലര്‍കാലം
ബുദ്ധന്‍ തെരുവിലൂടെ നടക്കുന്നു
തെളിഞ്ഞ ജലത്തില്‍
വിരിഞ്ഞു നില്‍ക്കുന്ന നൂറുകണക്കിന്
താമരപ്പൂക്കള്‍പോലെ ശിഷ്യഗണങ്ങള്‍
അവനുചുറ്റും. ഗുരുവിന്‍റെ
പുറകിലേക്ക് ചാഞ്ഞു
കിടക്കുന്ന നിഴലില്‍
അവരൊരു രാജാവിനെക്കണ്ടു.

എന്നാല്‍ ബുദ്ധന്‍,
ദൈവത്തിന്‍റെ നിരീശ്വരവാദിയായ സുഹൃത്ത്,
രാജാവിന്‍റെയോ, ദൈവത്തിന്‍റെയോ
നിഴല്‍ അവനില്‍ സ്വയം
ഒരു കാലത്തും
കണ്ടതുമില്ല.






No comments:

Post a Comment