Saturday, July 19, 2014

വിലക്കപ്പെട്ടവ


വിലക്കപെട്ട വാക്കുകളെ
ഞാനൊരു പൊത്തില്‍
ഇട്ടുവെച്ചു, 
പാമ്പ്‌ അതിലൊരു
വാക്കായിരുന്നു.

വിലക്കെപ്പെട്ട വഴിയെ
മുള്‍വേലികൊണ്ടു
വേര്ത്തിരിച്ചിട്ടും
നീ അതിലെ നടന്നു പോയി
നിന്‍റെ കാലടിയില്നിന്നും
ഇറ്റിറ്റിവീണ ചോര
പുരണ്ടോരാമുള്ളുകള്‍
കാക്കകള്‍ കൂടുകൂട്ടാന്‍
കൊണ്ടുപോയി,
വന്മരങ്ങളുടെ മണ്ടയിലേക്ക്

വിലക്കപ്പെട്ട രാത്രിയില്‍
നാം പരസ്പരം
ഇരുട്ടിന്‍ ശരീരങ്ങളെ
ത്തിരയാവേ മുന്തിരി
ക്കൊയ്ത്തുകാര്‍ പന്തങ്ങളുമായ്
ഇറങ്ങിവന്നത് പഴയനിയമത്തിലെ
ഗിരിനിരകളില്‍ നിന്നാകയാല്‍
പൊള്ളിപ്പഴുത്ത ഇറച്ചിയുടെ
രണ്ടുടല്‍ ഗോപുരങ്ങള്‍
നാം പരസ്പ്പരം
ഉമ്മവെച്ച്
പുലരിക്കുമുന്‍പേ,
കിളികളറിയുംമുന്‍പേ,
പിരിഞ്ഞുപോകാം.

വിലക്കപ്പെട്ട നഗരത്തില്‍
നീ എനിക്കുവേണ്ടി കാത്തിരുന്ന
അപ്പര്ട്ട്മെന്റില്‍
നമ്മള്‍ ജനിച്ചുവളര്‍ന്ന
ആ പഴയ നാട്ടിന്പുറം
രണ്ടു മലകളും
മൂന്ന്നാല് തെങ്ങുകളും
പറക്കും പറവക്കൂട്ടങ്ങളും,
ചുമരില്‍ ചത്തുഞാലുന്ന
വളിപ്പന്‍ ഗ്രഹാതുരത്വം.
ആര്ക്കു്വേണമത്,
എവിടെ നിന്‍റെ മണം,
എവിടെ നിന്‍റെ മാംസരാജ്യം?

വിലക്കപ്പെട്ട വസ്ത്രം
മൂന്നുകഷ്ണം തുണിയായ്
നിന്നെക്കട്ടിവരിഞ്ഞു
കബറിടത്തിലേക്കെടുക്കുമ്പോള്‍
കുഴിവേട്ടുകാരന്‍റെ മകളുടെ
കയ്യില്‍, കാലില്‍ മൈലാഞ്ചിയിട്ടു
ചിരിച്ചുകുഴയുന്ന ഞാന്‍
നിന്നെ മറന്നു മറമാടിയിട്ടെത്ര
നേരംകഴിഞ്ഞു.

വിലക്കപ്പെട്ട കനി,
അത് നീയാണ് ആദ്യം തിന്നത്.
അപ്പൊ,അങ്ങേ ലോകത്തിരുന്ന്‍
നീ തന്നെ നീ തന്നെ
അതിനുത്തരം പറ.


No comments:

Post a Comment