Sunday, March 22, 2015

മഞ്ഞുകാലത്തിലെ കണ്ണുകള്‍

കുറുനരികളുടെ രാത്രിയെ
പേടിച്ചു കഴികയാലാണു ഡേവിഡ് 
ഞാന്‍നിന്‍റെ നക്ഷത്രമന്വേഷിച്ചു
ജൂതദേവാലയത്തിന്‍റെ ആകാശത്തില്‍
അഭയം പ്രാപിക്കുന്നത്
നക്ഷത്രമെവിടെ!
അതിപുരാതനമായ വിലാപങ്ങള്‍കൊണ്ടും
ജ്ഞാനവും യാനവും
കൊത്തിവെച്ച കല്ലുകള്‍ കൊണ്ടും
പള്ളിക്കു പുറകിലെ
ശ്മശാനമെന്നില്‍
പുറപ്പാടു പുസ്തകത്തിലെ
ശരല്ക്കാല സ്മരണയുടെ
ഇലകള്‍ പൊഴിക്കുന്നു
ഞാനൊരു മാലാഖക്കൊപ്പമായിരുന്നു!
കലയിലാണവളുടെ വേരുകള്‍
മഞ്ഞുകാലത്തിലെ കണ്ണുകള്‍
നൃത്തം ചവിട്ടും വാക്കുകള്‍
തല്മൂഥിന്‍* നീണ്ട മൌനങ്ങള്‍
ഇടത്തോട്ട് ചെരിയും
അവളുടെയുടല്‍ ഗോപുരത്തില്നിന്നും
ചിറകുവിടര്ത്തി പരന്നുയരുന്നുണ്ടായിരം
ചാര നിറമുള്ള കുരുവികളവളുടെ
ആത്മാവിനു കുറുകെയെന്‍റെയും
വെളിച്ചം ഞങ്ങളെ വിഴുങ്ങുന്നു
BC ആര്ട്ട് ‌ ഗാലറി*യില്‍വെച്ച്
ഞങ്ങളൊന്നായിത്തീർന്ന മാത്രയില്‍
കാറ്റ് ആനന്ദത്തിന്‍റെ മൂര്‍ച്ചയെ
കാട്ടിലേക്ക് കൊണ്ടുപോയി
കൈവിരലുകളെ ലിപികളും
ശരീരത്തെ ഭാഷയുമാക്കുന്നു
വിലക്കപ്പെട്ടവന്‍റെ തോട്ടത്തില്‍നിന്നും
ആപ്പില്‍ കഴിച്ച്‌
അവള്‍ അവളും
ഞാന്‍ ഞാനുമായി
ഞങ്ങളിലേക്ക് തിരികെയെത്തുന്നു
ഒരു നടപ്പാത ഞങ്ങളിലൂടെ
നടന്നു നടന്നു പിരിഞ്ഞുപോകുന്നു
ഞങ്ങള്‍ അതിഗൂഢമായ
അഭിനിവേശത്തിന്‍റെ തീരങ്ങളിലൂടെ നടന്നു
പ്രേമത്തിന്‍റെ തെളിഞ്ഞ സ്മരണപോലെ
ഉത്തമ ഗീതങ്ങള്‍ പാടി
നമ്മുടെ തണുത്തു വിറങ്ങലിച്ച
സ്വപ്നങ്ങളെപ്പോലെ
നക്ഷത്രഭരിതമായ ഒരു
രാത്രി അന്ന് നമുക്കു മുകളില്‍
നൃത്തം ചെയ്തത്
എനിക്കിപ്പൊഴും ഓര്‍മയുണ്ട്
ആപ്പോള്‍ നിന്‍റെ കാലുകള്‍ക്ക്
ജൂതചരിത്രത്തിന്‍റെ ഗന്ധമായിരുന്നു
കൈകള്ക്ക് വിശുദ്ധ വീഞ്ഞിന്‍റെയും
ദീര്‍ഘനിശ്വാസങ്ങള്‍ക്കൊരു
പെണ്ണിന്‍റെയും
പുതുനഗരത്തിലെ
തീവണ്ടിയാപ്പീസില്‍
കരി പിടിച്ചൊരു തീവണ്ടി
നിന്നെയും കാത്തു കിടപ്പുണ്ട്
പലായനങ്ങളുടെ ഭൂപടം നോക്കൂ
അപരിചിതമായ വിരുന്നുമേശകള്‍
വിദൂരങ്ങളില്‍ നിന്നെക്കാത്തിരിക്കുന്നു
നാം പിരിഞ്ഞു പോകേണ്ട
സഹയാത്രികരാകയാല്‍
മായ്ച്ചു കളയുക
നമ്മുടെ തീക്ഷ്ണ സ്വപ്നങ്ങളെ
ഗൃഹാതുരത്വം എന്ന മഹാപാപം കൊണ്ടും
കണ്ണുനീരാല്‍ നനഞ്ഞു കുതിര്ന്ന
നര്ത്തുകിയുടെ തലയിണകൊണ്ടും
നിനക്കറിയുമോ എന്നോ മരിച്ചുപോയ
രണ്ടു കുതിരപ്പടയാളികളുടെ
വെറും നിഴലുകള്‍ മാത്രമാണ് നാം
*യഹൂദപാരമ്പര്യ നിയമഗ്രന്ഥം
**മട്ടാഞ്ചേരിയിലെ ഒരു ആര്‍ട്ട്‌ ഗാലറി

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രണയത്തിന്റെ രസതന്ത്രം ഇഷ്ടപ്പെട്ടു.
    പലതിന്റെയും അർത്ഥം മുഴുവൻ പിടി കിട്ടിയില്ല.

    ReplyDelete