Sunday, March 22, 2015

ഓര്‍മകളിലെ കാട്

അല്ല അനൂപേ
ഞാനെങ്ങനെ മറക്കുമയാളെ
മദ്രാസിലെ പുറംപോക്കുകളിലെയൊരു
ഇലന്തി മരച്ചുവട്ടില്‍
ചേരിയിലെ എന്‍റെ
കാമുകിയുടെ അപ്പന്‍
ഞങ്ങളുടെ
സഹശയനത്തിന്‍റെ ആഴത്തിലേക്കു
അഗമ്യഗമനത്തിന്‍റെ പാട്ടയിറക്കുന്നു
ഉടുതുണിയില്ലാത്തവന്‍റെ ഓട്ടം
പാരീസ് റോഡ്‌
മണി രാത്രി 2
അടച്ചിട്ട ഈഡിപ്പസ് ഷോപ്പിംഗ് കോംപ്ലെക്സ്‌
തണുപ്പിന്‍ നായ്ക്കളെ കെട്ടിപ്പിടിച്ച്
ചുള്ളിക്കാടിനെയുറക്കെ ചൊല്ലുമ്പോള്‍
രണ്ടു പോലീസുകാര്‍ വേച്ചു വേച്ചകലുന്നു
കുറ്റവും ശിക്ഷയും വായിച്ചുതീരുംപോലെ
എന്‍റെ കുട്ടിയേതോ
ചേരിയില്‍ വളര്‍ന്നുതുടങ്ങുന്നു
ഓര്‍മകളില്‍ സര്‍പ സാന്നിധ്യമാകുന്ന
നിയോണ്‍ വസന്തങ്ങള്‍
അപ്പന്‍ അടച്ചിട്ട വീട്ടുപടിക്കല്‍
കരഞ്ഞു പിറന്ന യാത്രാമൊഴികള്‍ ,
തല്ലിക്കെടുത്തിയ ചൂതാട്ട മോഹങ്ങള്‍
കെടാത്ത പുത്രശോകത്തില്‍
പുകഞ്ഞ സിഗരറ്റുകള്‍
ഉടഞ്ഞ വര്‍ക്കല ചാരായക്കുപ്പികള്‍
മേരിയുടെ അമ്മ തന്ന മുലകള്‍
“അക്ഷിദ്വയപ്രേമവൈദ്യുതിയാല്‍ ദീപലക്ഷം
കൊളുത്തുന്ന ചേതോ വിമോഹിനി”*
നിന്‍റെ സന്തൂരി കൊണ്ടു
ചുംബനം മീട്ടിയ ഇടവഴിയിലെ നിഴല്‍
നരകങ്ങള്‍ വാപിളര്‍ക്കുമ്പോള്‍ കണ്ട
അന്യരുടെ സ്വര്‍ഗരാജ്യം ,
ജനിതക ഗോവണി പടിയിലേക്കു കയറിത്തളര്‍ന്ന
കരുണയുടെ നീലിച്ച കഴലിണകള്‍
വിഷം കുടിച്ചരികിലൊരിക്കലും
ഇരിക്കാതെ പോലും മാപ്പുചോദിച്ചു
മടുത്തു മരവിച്ചുപോയെന്‍റെ കണ്ണുകള്‍
എത്ര പായിച്ചു വിട്ടാലും
മകരം മരങ്ങളില്‍ ഓര്മ്മകള്‍ പൊഴിച്ചാലും
പൊട്ടിച്ചിരിച്ചുകൊണ്ടു
നിന്‍ പരിചയം കവിത നീട്ടുന്നു
ഇത് ക്ഷുഭിതയവ്വനത്തിന്‍റെ രക്തം കുടിക്കുക
ഇന്നും ഭ്രാന്തു മാറ്റാന്‍
നിന്‍ തിക്ത സാന്ത്വനം മാത്രം
*യാമിനീ നൃത്തം -ബാലചന്ദ്രന്‍ ചുള്ളിക്കാട്

No comments:

Post a Comment