Recreation of Vincent van Gogh’s Self-portrait by Oleg Shuplyak
“എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു”*
എന്നാല്‍ വാന്ഗോഖ് മരണത്തോടെ തന്റെ കഥ തുടങ്ങുകയും ഒരിക്കലുമൊടുങ്ങാത്ത
മഹാഗാഥയായി നമ്മിലൂടെ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. വരയിലും ജീവിതത്തിലും
ഈ ഡച്ച് ചിത്രകാരന്റെ വഴികള്‍ ഏകാന്തവും അനനുകരണീയവുമത്രെ! സൈപ്രസ് മരങ്ങളും
ഗോതമ്പു വയലുകളും സൂര്യകാന്തിപ്പൂക്കളും അദ്ദേഹത്തിന്റെ കാന്‍വാസുകളില്‍ ഇനിയും
നിശ്ചലങ്ങളല്ല, സജീവമായ അനുഭവങ്ങള്‍ തന്നെയാണ്. കലയിലെ ചലിക്കും ചിത്രങ്ങളാണവ. പ്രത്യേകതയാര്‍ന്ന ബ്രഷ്
ഉപയോഗത്തിലൂടെയും ചായങ്ങള്‍ നേരിട്ട് കാന്‍വാസില്‍ തേച്ചും അഗ്നിജ്വാലോപങ്ങളായ
രൂപങ്ങളിലൂടെയും വാന്ഗോഖ് കാഴ്ച്ചക്കാരനില്‍ ചലനത്തിന്റെ സംവേദനം
സൃഷ്ട്ടിക്കുന്നു. തന്റെ മുപ്പത്തിയേഴ് (1853-1890) വര്‍ഷത്തെ ജീവിതത്തില്‍
അവസാനത്തെ പത്തു വര്‍ഷങ്ങള്‍ മാത്രമാണ് കാര്യമായി വാന്ഗോഖ് ചിത്രങ്ങള്‍ വരച്ചത്. എന്നാല്‍ എണ്ണൂറിലധികം
കാന്‍വാസുകളില്‍ ഭ്രാന്തിന്റെയും ഉന്മാദത്തിന്റെയും പ്രതീക്ഷകളുടെയും വര്‍ണ്ണങ്ങള്‍
ചാലിക്കുകതന്നെ ചെയ്തു.
ബാല്യവും പ്രിയപ്പെട്ട തിയോവും
1853 മാര്‍ച്ച് 30ന് ഹോളണ്ടിലെ ഒരു കുഗ്രാമമായ ഗ്രൂ-സുന്‍ണ്ടെയിലായിരുന്നു വാന്ഗോഖിന്റെ ജനനം. തന്റെ
ബാല്യകാലത്ത് ആരുമില്ലാതെ വിജനമായിക്കിടക്കുന്ന ചോളവയലുകളിലൂടെ വിന്‍സെന്റ്
ഏകാന്തനായി നടക്കുമായിരുന്നു. വല്ലപ്പോഴും മാത്രം തന്റെ ഇളയ സഹോദരന് തിയോവിന്റെ
കൂടെയോ സഹോദരിമാരുടെ കൂടെയോ കളിയിലേര്‍പെട്ടു. വാന്ഗോഖിന്റെ സ്കൂള്‍ ജീവിതത്തെക്കുറിച്ച്
വ്യക്തമായ അറിവുകളില്ല. അമ്മയുടെ പ്രചോദനത്താല്‍ കൌമാരത്തിന്റെ ആദ്യ ദശയില്‍തന്നെ അവന് ചിത്രം വരയ്ക്കാന്‍
തുടങ്ങിയിരുന്നു. സഹോദരന് തിയോയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം ജീവിതാവസാനം
വരെ നിലനിന്നു. വാന്ഗോഖ് തിയോവിനയച്ച കത്തുകള്‍ അതിന്റെ സാക്ഷ്യപത്രങ്ങളത്രെ. ഒരു
കലാകാരന്റെ ആന്തരികചരിത്രം എന്നതിലുപരി അഗാധമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും
സംവാദങ്ങളായിരുന്നു ആ കത്തുകള്‍. “നിനക്കെഴുതുക എന്റെയൊരാവശ്യമായിരുന്നു.
നിന്നെക്കുറിച്ചു ഞാന്‍ സദാ ചിന്തിക്കുന്നു” വാന്ഗോഖ് ഇപ്രകാരം തിയോക്കെഴുതുമ്പോള്‍
വേര്‍പെടുത്താന്‍ കഴിയാത്തത്ര അഗാധവും അളവുറ്റതുമായ സ്നേഹബന്ധത്തിന്റെ സാന്നിധ്യം
അനുഭവിക്കുകയായിരുന്നിരിക്കാം... പത്തൊന്‍പതു വയസ്സുള്ളപ്പോള്‍ തുടങ്ങി വെച്ച ഈ
സ്നേഹസംവാദങ്ങള്‍ വാന്ഗോഖ് ആത്മഹത്യ ചെയ്യുമ്പോള്‍ ധരിച്ചിരുന്ന ഉടയാടയില്‍ സൂക്ഷിച്ചുവെച്ച
അറുനൂറ്റിഅമ്പത്തിരണ്ടാമത്തെ എഴുത്തില്‍ അവസാനിക്കുന്നു. വാന്ഗോഖ് ജീവചരിത്രകാരനായ
ഇര്‍വിങ്ങ് സ്റ്റോണ്‍ ഈ എഴുത്തുകളുടെ പിന്‍ബലത്തോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ ‘ജീവിതാസക്തി’(lust for Life)**യില്‍ അനാവരണം ചെയ്യുന്നത്.

തിയോ വാന്ഗോഖ്
സുവിശേഷത്തിന്റെ ഖനികളില്‍
“തിയോ നിന്റെ സഹോദരന് ഇന്നലെ ആദ്യമായി
ദേവാലയത്തില്‍ പ്രസംഗിച്ചു, അവിടെ എഴുതി വെച്ചിരിക്കുന്നതെന്താണെന്നോ...ഈ അള്‍ത്താരയില്‍
ഞാന്‍ നിങ്ങള്‍ക്കു ശാന്തി നല്കുന്നു” വര്ണങ്ങളാല് സ്നാനം ചെയ്യപ്പെടുന്നതിന്
മുന്‍പേ വാന്ഗോഖ് ഒരു മതപ്രചാരകനും സുവിശേഷകനുമാകാന്‍ ശ്രമിച്ചിരുന്നു. രോഗികള്‍ക്ക്
ബൈബിള്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ബെല്‍ജിയത്തിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍
ഒരു പാതിരിയായിരുന്നപ്പോഴും കേവലം മതപ്രചാരണത്തിനുമപ്പുറം മനുഷ്യ സ്നേഹത്തിലും കരുണയിലുമാണ്
വാന്ഗോഖ് നിലകൊണ്ടത്. ചിത്രങ്ങളിലും വാന്ഗോഖ് ഈ സമുദായസേവനമോഹം വെച്ചുപുലര്‍ത്തുന്നതായി
കേസരി എ ബാലകൃഷ്ണപിള്ള നിരീക്ഷിക്കുന്നുണ്ട് “അദ്ദേഹം ചിത്രമെഴുതുകയല്ല ചായം കൊണ്ട് പ്രസംഗിക്കുകയാണ്. ഒരു വാഗ്മിയായ പ്രാസംഗികന്റെ ശക്തിയേറിയ അഭ്യര്‍ത്ഥനകള്‍ക്കു തുല്യം
അദ്ദേഹം തന്റെ കൃതികളെ കനത്ത ചായക്കഷ്ണങ്ങള്‍കൊണ്ട് നിറച്ചു. ഈ ചിത്രപരമായ വാഗ്മിത്വം അദ്ദേഹത്തിന്റെ പ്രത്യേകവും അദൃഷ്ട്പൂര്‍വവുമായ ചിത്രകലാമാര്‍ഗത്തിനു കാരണമായി
ഭവിക്കുകയും ചെയ്തു.” 1885-ല്‍ വരച്ച ഉരുളക്കിഴങ്ങ് തിന്നുന്നവര്‍(Potato eaters) എന്ന ചിത്രത്തില്‍ ഡച്ച് കര്‍ഷക ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍
നാം ഒരു വിളക്കിന്റെ അരണ്ട വെളിച്ചത്തിലൂടെ കാണുന്നു. ഇത് വാന്ഗോഖിന്റെ ഇരുണ്ട
മാസ്റ്റര്‍പീസത്രേ(Dark Master Piece) എന്നാല്‍ പാരീസിലെത്തിയതോടെ ഇംപ്രഷനിസ്റ്റുകളാല്‍ പ്രചോദിതനായി
മുന്‍കാല രചനാരീതികള്‍ ഏറെക്കുറെ ഉപേക്ഷിച്ചു.

Potato Eaters
കാമുകിമാരും സൂര്യകാന്തിപ്പൂക്കളും
തന്റെ ജീവിതവും സ്നേഹവും ഒരു സ്ത്രീയോടൊത്ത്
പങ്കുവെക്കുവാന്‍ അഗാധമായ ആഗ്രഹം വാന്ഗോഖിനുണ്ടായിരുന്നു. എന്നാല്‍ ഉന്മാദത്തിന്റെയും
പ്രയത്നത്തിന്റെയും നിഴലുകള്‍വീണ അദ്ദേഹത്തിന്റെ പ്രണയനൈരാശ്യജീവിതം ഏകാകിയും അവിവാഹിതനുമായി അവസാനിക്കുകയായിരുന്നു.
ഇരുപത്തിയൊന്നാം വയസ്സില്‍ ഇംഗ്ലണ്ടില്‍വെച്ച് തന്റെ വീട്ടുടമയുടെ മകളായ
ഊര്സുലയോടും പിന്നീട് ഇരുപത്തെട്ടുവയസ്സുള്ളപ്പോള്‍ വിധവയായ കാത്തയോടും നടത്തിയ
പ്രണയാഭ്യര്‍ത്ഥനകള്‍ ഒരു പോലെ നിരസിക്കപ്പെടുകയാണുണ്ടായത്. ഊര്സുലയോടുള്ള അനുരാഗം
വാന്ഗോഖിന്റെ തൊഴിലിനെ വരെ അപകടത്തിലാക്കി. 1882-ല്‍ സിയെന്‍ എന്ന തെരുവ്പെണ്ണില്‍ അനുരക്തനായി
അവളോടൊപ്പം കഴിഞ്ഞുകൂടി. ചിത്രങ്ങളിലും മനസിലും അവളുടെ രൂപങ്ങള്‍ വരച്ചു, Sorrow എന്ന ചിത്രത്തില്‍
സിയെന്‍ ആണ് മോഡല്‍. ഇക്കാലത്ത് വാന്ഗോഖ് തിയോക്കെഴുതി “ഹേ...മാന്യരേ, നിങ്ങളുടെ
മുന്നില്‍ ഞാനത് തുറന്നുവെക്കുന്നു, മാന്യരും പരിഷ്ക്കാരികളുമായ നിങ്ങള്‍ക്ക്
ജീവിതത്തില്‍ എല്ലാം വ്യാപരവസ്തുക്കളാണ്. എന്താ..നിങ്ങളുടെ മാന്യതയുടെയും വ്യാപാരത്തിന്റെയും
അടയാളങ്ങള്‍, ഒരു കുട്ടിയുള്ള വിധവയെ കൈവെടിയുക, അല്ലെങ്കില്‍ നടുത്തെരുവില്‍
വലിച്ചെറിയപ്പെട്ട മറ്റൊരു സ്ത്രീക്കെതിരെ കൈമലര്‍ത്തിക്കാട്ടുക, ഇതാണോ നിങ്ങളുടെ
ധാര്‍മികമൂല്യം” വൈകാതെ സിയെനും വാന്ഗോഖിനെ കൈവെടിഞ്ഞു. അനുരാഗത്തിന്റെ അള്‍ത്താരയിലും അദ്ദേഹത്തിന് ശാന്തി ലഭിക്കുകയുണ്ടായില്ല.

Sun Flowers
നട്ടുച്ചക്കൊരു ചിത്രകാരന്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍
പാശ്ചാത്യ ചിത്രകലാലോകത്ത് പുതിയ ഉണര്‍വുകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു.
ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തോടെ റിയലിസ്റ്റിക് സാങ്കേതികരീതി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി.
കേസരി എഴുതിയതുപോലെ –“ഫോട്ടോഗ്രാഫിക്ക്ദൃഷ്ടി എല്ലാവരിലും ഒന്നുപോലെ
ഇരിക്കുമല്ലോ, വ്യക്തിപരമായ ദൃഷ്ടി ഇതോടുകൂടി ഇല്ലാതാകുകയും ചെയ്തു. കല
വ്യക്തിപരമായ ദൃഷ്ടിയുടെ ഫലമാണുതാനും” 1874-ല്‍ പാരീസിലെ ചിത്രകാരന്മാര് ആദ്യമായി ഇംപ്രഷനിസ്റ്റ്
ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തുകയുണ്ടായി. ക്ലോഡ് മോണെ, എഡ്വര്‍ഡ് മോണെ, റിനോയര്‍, പിസാറോ
എന്നിവരായിരുന്നു ഇംപ്രഷനിസ്റ്റു രീതിയുടെ പ്രമുഖ പ്രയോക്താക്കള്‍. വസ്തുക്കളുടെ സദൃശ്യാത്മക
രൂപത്തിനു പകരമായി വെളിച്ചത്തിന്റെയും നിഴലുകളുടെയും നിറങ്ങള്‍ ചിത്രീകരിക്കുകയാണ്
പൊതുവേ ഇംപ്രഷനിസ്റ്റ് രീതി.
വസ്തുക്കളുടെ സദൃശ്യാത്മകതക്കപ്പുറം പോകുവാന്‍
കഴിയുമ്പോള്‍ പുതിയ വര്‍ണങ്ങളുടെ ലോകം ക്യാന്‍വാസില്‍ നിറയുന്നു. പാരീസിലെ ഈ
മധ്യാഹ്നവെയിലിലേക്കാണ് 1886-ല്‍ വാന്ഗോഖ് കടന്നുവരുന്നത്. ഇംപ്രഷനിസ്റ്റ് ചിത്രകാരനായ പിസാറോയുമായി ചങ്ങാത്തത്തിലായതോടെ നവീനരീതികളും വര്‍ണ്ണ സങ്കല്‍പ്പങ്ങളും വാന്ഗോഖ് തന്റെ ചിത്രകലാ ചിന്തകളിലേക്ക് ലയിപ്പിച്ചുചേര്‍ത്തു. 1888-ല്‍ വാന്ഗോഖ് വരച്ച The painter on his way to work എന്ന ചിത്രത്തില്‍ മധ്യാഹ്നവെയിലില്‍
തന്റെ പെയിന്റകളും ക്യാന്‍വാസും കൈകളിലേന്തി പരന്നുകിടക്കുന്ന പ്രകൃതിദൃശ്യത്തിലൂടെ
ഒരു ചിത്രകാരന് നടന്നു പോകുന്നത് കാണാം. ഒരു പക്ഷെ വാന്ഗോഖ് തന്നെയാകാം ഈ
ചിത്രകാരന്. പഴയരീതികള്‍ വിട്ടെറിഞ്ഞ് പ്രകൃതിയുടെ നിഗൂഢതയിലേക്കും സൂക്ഷ്മതയിലേക്കും
നടന്നടുക്കുകയായിരിക്കാം. വാന്ഗോഖ് ചിത്രങ്ങളുടെ സവിശേഷതകളായ മഞ്ഞ വര്‍ണവും
ബ്രഷ്സ്ട്രോക്കുകളും ഈ ചിത്രത്തില്‍ തെളിഞ്ഞുകാണാം, ‘അപാരത ഈ ചിത്രത്തെ കൂടുതല്‍
സ്മരണീയമാക്കുന്നു’. ലോകം കണ്ട ഏറ്റവും മഹാനായ പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരന് വിന്‍സെന്റ് വാന്ഗോഖ് ഉദിച്ചുയരുകയാണ്.
The painter on his way to work
ആര്‍ലിലെ ശയനമുറി
പാരീസിലെ കൂട്ടുകാരും അനുഭവങ്ങളും വാന്ഗോഖിനെ
സൂര്യകാന്തിപ്പൂക്കളും സൈപ്രസ് മരങ്ങളും നിറഞ്ഞ ഭൂമികയിലേക്കെത്തിച്ചു. പോള്‍ ഗോഗിനും
പോള്‍ സെസാനുമായുള്ള സായാഹ്ന സംവാദങ്ങള്‍ ‘നക്ഷത്രഭരിതമായ രാത്രി’കളിലേക്ക് നീണ്ടു
പോയി. ഇംപ്രഷനിസം അതിന്റെ പുതിയ വഴികളിലേക്ക് വികസിക്കുകയായിരുന്നു. ഗോഗിന്
വാന്ഗോഖിന്റെ അടുത്ത സുഹൃത്തും പരസ്പരം സ്വാധീനിക്കുകയും കലഹിക്കുകയും
ചെയ്തിരുന്നവരുമായിരുന്നു. ജാപ്പനീസ് ചിത്രകലയുടെ സ്വാധീനം രണ്ടു പേരിലും പൊതുവേ കാണാവുന്നതാണ്.
വ്യക്തമായ ഔട്ട്ലൈനുകളും അലങ്കാര സ്വഭാവമുള്ള ചിത്രീകരണ രീതിയും, ലാളിത്യവും
ജാപ്പനീസ് ചിത്രങ്ങളില്‍ കാണാം. ഗോഗിന് വാന്ഗോഖിനു നല്കുവാനായി വരച്ച സെല്‍ഫ് പോര്‍ട്ട്രിയേറ്റില്‍
ജാപ്പനീസ് രീതിയുടെ സ്വാധീനം വളരെ പ്രകടമാണ്. വാന്ഗോഖിന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ജാപ്പനീസ്
ചിത്രകാരനായ ഉത്ഗാവാ ഹിരോഷിഗെയുടെ (1979-1858)
Oshi bridge in the rain എന്ന ചിത്രത്തിന്റെ പകര്‍പ്പ് ജാപ്പനീസ് ചിത്രകലയോടു ണ്ടായിരുന്ന അഭിവാഞ്ജയെ
വെളിപ്പെടുത്തുന്നുണ്ട്. 1888-ല്‍ പാരീസില്‍ നിന്ന് ആര്‍ലിലേക്കെത്തിയ വാന്ഗോഖിനൊപ്പം
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. ആര്‍ലിലെ തന്റെ ഭവനം ചിത്രകാരന്മാരുടെ
ഒരു താവളമാകണമെന്ന്‍ അദ്ദേഹം ആഗ്രഹിച്ചു. ഗോഗിന്റെയും മറ്റു സുഹൃത്തുക്കളുടെയും
വരവിനായി കാത്തിരുന്നു. പ്രത്യാശകളുടെ ഈ കാലത്താണ് പ്രശസ്ത ചിത്രമായ സൂര്യകാന്തിപ്പൂക്കള്‍ക്ക്
നിറം കൊടുത്തത്. ഇക്കാലത്ത് തന്നെ വരച്ച ആര്‍ലിലെ ശയനമുറി എന്ന ചിത്രത്തിലും
ആനന്ദകരമായ പ്രതീക്ഷകളുടെ തുടിപ്പുകള്‍ കാണാം. വരാന്‍പോകുന്ന ആര്‍ക്കൊക്കെയോ
വേണ്ടി ഒരുക്കിയിട്ടതായി തോന്നും ഈ ശയന മുറിചിത്രത്തിലെ ക്രമീകരണങ്ങള്‍.

Bedroom at Arles
വാന്ഗോഖിന്റെ ഒഴിഞ്ഞ കസേര
ആര്‍ലിലെ ദിനങ്ങള്‍ വാന്ഗോഖ് പ്രതീക്ഷിച്ചതുപോലെ
ആയിരുന്നില്ല, അന്ത:സംഘര്‍ഷങ്ങളും മായ വിഭ്രമങ്ങളും അദ്ദേഹത്തിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.
ഗോഗിന് ആര്‍ലിലേക്ക് വന്നെങ്കിലും രൂക്ഷമായ അഭിപ്രായഭിന്നതകളാല്‍ അവര്‍ എല്ലായ്പ്പോഴും
പരസ്പരം കലഹിച്ചുകൊണ്ടിരുന്നു. നിഗൂഢമായ ഏതോ ഒരു നിമിഷത്തില്‍ സ്വയംബോധം
നഷ്ടപ്പെട്ട വാന്ഗോഖ് ക്ഷൌരക്കത്തിയുമായി ഗോഗിനു നേരെ ആഞ്ഞടുത്തു... ഏറെ താമസിയാതെ
ഗോഗിന് പാരീസിലേക്കു തന്നെ തിരിച്ചുപോയി. പിന്നെ അനിയന്ത്രിതമായ വികാരമൂര്‍ച്ചയില്‍
തന്റെ ചെവി ഏതോ രാത്രിസത്രത്തിലെ വേശ്യക്ക് എറിഞ്ഞു കൊടുത്തു. ആത്മസുഹൃത്തിനെ
ആക്രമിക്കാന്‍ മുതിര്‍ന്നതിന്റെ സ്വയംപീഡനാത്മകമായ പ്രായശ്ചിത്തമാണോ ഈ ചെവിബലി
എന്നു നമുക്കറിയില്ല. Vincent Chair എന്ന ചിത്രം വാന്ഗോഖിന്റെ ഈ ഏകാങ്ക ജീവിതത്തെയും ഒറ്റപ്പെടലിനെയും
പ്രതിനിധീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏകാന്ത സിംഹാസനം തന്നെയാണ് ഈ കസേര. ഈയൊരു
മാനസിക അവസ്ഥയില്‍നിന്നും വാന്ഗോഖിന് പിന്നീടൊരിക്കലും പൂര്‍ണ്ണമായ
മോചനമുണ്ടായില്ല. മനസിന്റെ സമനില മുഴുവന്‍ നഷ്ട്ടപ്പെട്ട് സെയിന്റ് റെമിയിലെ ഇരുളാണ്ട
ചിത്തരോഗാശുപത്രിയില്‍ വാന്ഗോഖ് അടയ്ക്കപ്പെട്ടു. ഉന്മാദത്തിന്റെ വര്‍ണ്ണവ്യവസ്ഥകള്‍
ക്യാന്‍വാസിലെന്നപോലെ ജീവിതത്തിലും ആളിയാളി കത്തുകയായിരുന്നു. ഡോക്ടര്‍ ഗാഷെയുടെ
പരിചരണം വാന്ഗോഖിന് തെല്ലോരാശ്വാസമേകിയെങ്കിലും, വിഭ്രാന്തിയുടെയും മരണത്തിന്റെയും
കൊടുംകാറ്റുവേഗങ്ങള്‍ അടുത്തടുത്ത് വരികയായിരുന്നു. 1890 ജൂണ്‍ 27 ചോളവയലുകള്‍ക്ക് മുകളില്‍
സൂര്യന് കത്തിയെരിയുമ്പോള്‍ വയല്‍ പാറാവുകാരന്റെ കയ്യില്‍നിന്നും കാക്കകളെ
ആട്ടിപ്പായിപ്പിക്കാന്‍ എന്നു പറഞ്ഞ് കൈതോക്കു മേടിച്ച് തന്റെ നെഞ്ചിലേക്കമര്‍ത്തി
താന്‍ ഏറെ സ്നേഹിച്ച, ജീവിക്കാന്‍ ആഗ്രഹിച്ച വര്‍ണങ്ങളുടെ ലോകത്തോട് വാന്ഗോഖ് യാത്ര പറഞ്ഞു. ആര്‍ലിലെ
ആ ഒഴിഞ്ഞ കസേര വിന്‍സെന്റ് വാന്ഗോഖ് ഇന്നും നിനക്കു വേണ്ടി മാത്രം ഒഴിഞ്ഞു
കിടക്കുന്നു.

Vincent’s Chair
* ഹെമ്മിംഗ് വേ
** ഇര്‍വിങ്ങ് സ്റ്റോണിന്റെ
നോവല്‍ lust for life