Saturday, August 9, 2014

കാവല്‍ക്കാരായ കെരൂബുകള്‍*

പട്ടണത്തില്‍ കെരൂബുകളെ ഈയിടെയാണ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ജൂതശ്മശാനത്തിലേക്കുള്ള ഇടവഴിയിലൂടെ പോകുമ്പോള്‍ അവര്‍ ‘തേനെടുപ്പുകാരന്‍റെ കല്യാണം’ എന്ന ഒരു നാടോടിപ്പാട്ടിന്‍റെ താളത്തില്‍ നൃത്തംവെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ ആണ്‍പെണ്‍ വിത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല പകല്‍ അവര്‍ തെരുവുകളില്‍ അലയുകയും കടല്‍തീരത്ത്
കൂട്ടംകൂടിയിരുന്ന്‍ ചോളം പുഴുങ്ങുകയും ചെയ്തുപോന്നു. രാത്രികളില്‍ പട്ടണത്തിന്‍റെ കിഴക്കേ അതിര്‍ത്തിയിലുള്ള വെള്ളിമൂങ്ങകളുടെ തുരുത്തില്‍ അവര്‍ ഒരുമിച്ചു കൂടും. അപ്പോള്‍ അവരിലൊരാള്‍ വായിക്കുന്ന പുല്ലാംകുഴല്‍ നിദ്രബാധിച്ച തെരുവിനുമുകളില്‍ ഒരു വിലാപമായ് അലയുമ്പോള്‍ മറ്റുള്ളവര്‍ അവരവരുടെതന്നെ മാംസക്കഷ്ണങ്ങളെ മുറിച്ച് കടലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരിക്കും,അതിപ്രാചീനമായ ഒരു അനുഷ്ഠാനം കണക്ക്.

കെരൂബുകളുടെ പേരുകള്‍ വിചിത്രമായ രഹസ്യങ്ങളെ വഹിക്കുന്നവയായിരുന്നു ഉദാഹരണത്തിന്:രക്തനദികളുടെ ഉലപ്ത്തി, ആപിള്‍ തോട്ടങ്ങളുടെ പാമ്പ്‌,അഭിഷേക തൈലത്തിന്‍റെ നിഴലില്‍, വയലില്‍ നിന്നുള്ള വിലാപം, നക്ഷത്രങ്ങളുടെ ന്യായവിധി എന്നിങ്ങനെ പോകുന്നു അത്.കടലിന്നഭിമുഖമായുള്ള എക്സോടസ് സത്രത്തിനരികിലൂടെ അവര്‍ നടന്നുനീങ്ങുമ്പോള്‍ ഭിഷഗ്വരന്മാര്‍ അവരെ സമീപിക്കുക പതിവ് കാഴ്ചയാണ്. മനുഷ്യശരീരത്തെയും രോഗങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് അഗാധമായിരുന്നു; ഇക്കാരണത്താല്‍ ശരീരത്തിന്‍റെ പ്രവാചകര്‍ എന്നും അവര്‍ ഭിഷഗ്വരര്‍ക്കിടയില്‍ അറിയപ്പെട്ടു.

വേനല്‍കാലത്ത് ചിത്രശലഭങ്ങളും മഴക്കാലത്ത് തലയില്‍ ചുവന്ന വരകളുള്ള ഒരിനം കടല്‍പക്ഷികളും മഞ്ഞുകാലത്ത് പരുന്തിന്‍കൂട്ടങ്ങളും    അവരെ അനുഗമിക്കുക പതിവാണ്. പട്ടണത്തിന്‍റെ കിഴക്ക്, ഘടികാര ചത്വരത്തിനരികെ കാലമേറെയായി അടഞ്ഞുകിടന്നിരുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മഞ്ഞുകാലത്ത്, കുന്തിരിക്കക്കത്തിന്‍റെ രൂക്ഷഗന്ധം നിറഞ്ഞൊരു പുലരിയില്‍, അതിനകത്തെ വലിയ പൂമരത്തിന്‍റെ ചുവട്ടില്‍ കെരൂബുകള്‍ കൂട്ടത്തോടെ മരിച്ചു കിടന്നു. അവരുടെ തുറന്നുവെച്ച കണ്ണുകളില്‍നിന്നും പ്രകാശം മഞ്ഞില്‍ കുഴഞു. അവര്‍ മരിച്ചുപോയതോടെ ആ പൂന്തോട്ടം ഞങ്ങള്‍ക്ക് വീണ്ടും തുറന്നുകിട്ടി.
 =================
*"മനുഷ്യനെ പുറത്താക്കിയശേഷം ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാക്കാന്‍ കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി." ഉല്പത്തി 3:24-പഴയനിയമം , ബൈബിള്‍ 

2 comments:

  1. ഗുഡ്...................എഴുത്തിഷ്ട്ടായി................!

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete